/sathyam/media/media_files/2025/09/16/ayyappasangamam-2025-09-16-23-50-18.webp)
തിരുവനന്തപുരം: സുപ്രിം കോടതിയിലെ ഹർജിയിൽ തീരുമാനം വരാനിരിക്കുകയാണെങ്കിലും ഈമാസം 20 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും മുന്നോട്ട്.
ബുധനാഴ്ചയാണ് ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കുന്നത്.
സംഗമം തടയണമെന്ന ആവശ്യം ഹൈക്കോടതി തളളിയതിൻെറ ആത്മവിശ്വാസത്തിലാണ് സർക്കാർ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
സുപ്രിംകോടതിയിൽ നിന്നും സമാന ഉത്തരവ് ഉണ്ടാകുമെന്നാണ് സർക്കാരിൻെറയും ദേവസ്വം ബോർഡിൻെറയും പ്രതീക്ഷ.ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്.ചന്ദുർക്കർ എന്നിവർ അടങ്ങിയ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്നും ഗുഢലക്ഷ്യങ്ങളോടെയുളള പരിപാടിയിൽ നിന്ന് സർക്കാരിനെയും ദേവസ്വം ബോർഡിനെയും തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
തിരുവനന്തപുരം സ്വദേശിയായ ഡോ.മഹേന്ദ്ര കുമാറാണ് ഹർജിക്കാരൻ. തങ്ങളെ കൂടി കേൾക്കാതെ ഹർജിയിൽ തീരുമാനം പറയരുതെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്.
പ്രമുഖ അഭിഭാഷകൻ വി ഗിരിയാണ് ദേവസ്വം ബോർഡിന് വേണ്ടിസുപ്രിംകോടതിയിൽ ഹാജരാകുന്നത്. സുപ്രിംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആഗോള അയ്യപ്പ സംഗമത്തിനുളള ഒരുക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.
പമ്പാ നദീതീരത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് ആഗോള അയ്യപ്പസംഗമം നടക്കുക. പന്തലിൻെറ പണി വ്യാഴാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ലക്ഷങ്ങൾ ചെലവിട്ട് ശീതികരിച്ച ജർമ്മൻ പന്തലാണ് ഒരുക്കുന്നത്.
എല്ലാ ക്രമീകരണങ്ങളും പൂർത്തി ആക്കിക്കൊണ്ട് വ്യാഴാഴ്ച പന്തലും പ്രധാന വേദിയും സംഘാടകരായ ദേവസ്വം ബോർഡിന് കൈമാറും. 3000 പേരെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചിട്ടുളളത്.
പമ്പയിൽ താമസ സൗകര്യം കുറവായത് കൊണ്ട് ക്ഷണിക്കപ്പെട്ട അതിഥികൾ വിശിഷ്ട വ്യക്തികൾ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അതിഥികൾക്ക് താമസത്തിനുളള സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതിഥികളിൽ ഒരു ഭാഗം 19ന് വൈകുന്നേരം തന്നെ പമ്പയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചയോടെ വേദിയുടെ സുരക്ഷ പൊലീസ് ഏറ്റെടുക്കും.
ആഗോള അയ്യപ്പ സംഗമത്തിന് എതിരെ പ്രതിഷേധം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് പമ്പയെ പൊലീസ് വലയത്തിലാക്കും.
വിവിധ ജില്ലകളിൽ നിന്നായി കൂടുതൽ പൊലീസുകാരെ പമ്പയിലേക്ക് നിയോഗിക്കുമെന്ന് ഉന്നതപൊലീസ് വൃത്തങ്ങൾ അറിയിച്ചു.കന്നിമാസ പൂജകൾക്കായി നടതുറന്നതിനാൽ അയ്യപ്പ സംഗമം നടക്കുന്ന സമയത്ത് കൂടുതൽ ഭക്തരെയും പ്രതീക്ഷിക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിൻെറ ഒരുക്കങ്ങൾ വിശദീകരിക്കുന്നതിനായി വ്യാഴാഴ്ച ദേവസ്വം ബോർഡ് ഭാരവാഹികൾ പമ്പയിൽ പത്രസമ്മേളനം നടത്തുന്നുണ്ട്.
തമിഴ് നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിന്നും മന്ത്രിമാരും, ഡൽഹിയിൽ നിന്ന് ലഫ്റ്റനൻ്റ് ഗവർണറും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സിംഗപ്പൂർ, മലേഷ്യാ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ഭക്തരെയും ആഗോള അയ്യപ്പ സംഗമത്തിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് ഇതുവരെ 4864 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചിരുന്നു.
ആദ്യം രജിസ്റ്റർ ചെയ്ത 3000 പേർക്കായിരിക്കും സംഗമത്തിൽ പങ്കെടുക്കാൻ അവസരം കിട്ടുക. രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നുമുളള പ്രതിനിധികളുടെയും പ്രതിനിധികളുടെ എണ്ണം മുൻ നിശ്ചയ പ്രകാരം തന്നെയായിരിക്കും അനുവദിക്കുക.
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.ഡി.എഫ് നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും. രാഷ്ട്രീയ പാർട്ടികളുടെയോ സർക്കാരിൻെറയോ പരിപാടി അല്ലാത്തത് കൊണ്ട് ബഹിഷ്കരണം പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നാണ് പ്രതിപക്ഷത്തിൻെറ പ്രതികരണം.
കേന്ദ്ര മന്ത്രി എന്ന നിലയിൽ ബി.ജെ.പി നേതാവ് സുരേഷ് ഗോപിയേ ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവും പങ്കെടുത്തേക്കില്ല.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈമാസം 22ന് സംഘപരിവാർ അനുകൂല സംഘടനകളുടെ ആഭിമുഖ്യത്തിൽ പന്തളത്ത് വിശ്വാസി സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
ശബരിമലയിലെ യുവതി പ്രേവേശനത്തെ അനുകൂലിച്ച സർക്കാർ പഴയ നിലപാട് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് തദ്ദേശ തിരഞ്ഞടുപ്പിന് തൊട്ടുമുൻപ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.