/sathyam/media/media_files/sOmxijrzVtPQcoiPvzDv.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്.
കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചു.
അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാനായി ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
ഈ ആശയം കൂടി നേരത്തെയെടുത്ത തീരുമാനത്തിന് സഹായകരമായി വന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമത്തിന് തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡിന് ഒറ്റയ്ക്ക് നടത്താന്‍ കഴിയാത്തതിനാല്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി വേണം.
അതിന് സര്‍ക്കാര്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയമായിട്ടോ, മറ്റേതെങ്കിലും വിഭാഗീയമായിട്ടോ കാണേണ്ട പ്രശ്‌നമില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.