/sathyam/media/media_files/2025/09/15/b-ashok-2025-09-15-20-44-38.webp)
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബി. അശോകിനെ വീണ്ടും സ്ഥലംമാറ്റി.
പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിട്ടുള്ളതായി സർക്കാർ ഉത്തരവിൽ അറിയിച്ചു. സെപ്റ്റംബർ 17 മുതൽ സ്ഥലംമാറ്റം പ്രാബല്യത്തിൽ വരും.
മുൻപ് അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായി മാറ്റിയ സർക്കാർ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.
തുടർന്ന് അവധി അവസാനിപ്പിച്ച് അദ്ദേഹം കൃഷിവകുപ്പ് ചുമതലയേറ്റിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും സ്ഥലംമാറ്റം നടപ്പിലാക്കി.
അശോകിന് പകരം ടിങ്കു ബിശ്വാലിയെ കൃഷിവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
കേര പദ്ധതി സംബന്ധിച്ച് ലോകബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങളിൽ വന്നതോടെ വിവാദം ഉയർന്നിരുന്നു. വിവരം ചോർന്നത് എങ്ങനെയെന്നു കണ്ടെത്താനുള്ള ചുമതല അശോകിനായിരുന്നു.
എന്നാൽ രേഖ മുഖ്യമന്ത്രി ഓഫീസാണ് നേരിട്ട് ശേഖരിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അശോകിനെ വീണ്ടും സ്ഥലംമാറ്റിയത്.