/sathyam/media/media_files/2025/01/17/4Jal3KfAvpeZqhU92owo.jpg)
തിരുവനന്തപുരം: സര്‍ക്കാരിന് എതിരെ നിയമപോരാട്ടത്തിന് ഇറങ്ങാന്‍ ഡോ.ബി.അശോക് ഐ.എ.എസ്. കൃഷി വകുപ്പില്‍ നിന്ന് സ്ഥലം മാറ്റിയതിന് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബി.അശോക് തീരുമാനിച്ചതായാണ് സൂചന. സ്ഥലം മാറ്റത്തിലെ ചട്ടലംഘനങ്ങള്‍ ചോദ്യം ചെയ്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ സമീപിക്കാനാണ് തീരുമാനം.
സര്‍ക്കാരിനെതിരെ നിയമ നടപടിക്ക് നീങ്ങുന്നതിനാല്‍ പുതിയ പദവിയായ കെ.ടി.ഡി.എഫ്.സി സി.എം.ഡി പദവി ഏറ്റെടുക്കില്ല. ഇന്നലെയാണ് ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഡോ.ബി.അശോകിനെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയത്.
ലോകബാങ്ക് സഹായത്തോടെയുളള കേര പദ്ധതിയുടെ ഫണ്ട് വകമാറ്റിയ വിവരങ്ങള്‍ ചോര്‍ന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ബി.അശോകിനെ സെക്രട്ടേറിയേറ്റിന് പുറത്തുളള സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ കെ.എം.എബ്രഹാം മുന്‍ കൈയ്യടുത്താണ് അശോകിനെ മാറ്റിയതെന്നാണ് ഭരണ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.എഫ്.സി സി.എം.ഡി പദവി താരതമ്യേന പ്രാധാന്യം കുറഞ്ഞ പോസ്റ്റാണ്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വഹിക്കേണ്ട ചുമതലകള്‍ കെ.ടി.ഡി.എഫ്.സിയില്‍ ഇല്ലെന്ന വാദം ഉയര്‍ത്തിയാകും ട്രിബ്യൂണലിനെ സമീപിക്കുക.
ഓണാവധിക്കായി അടച്ച കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇനി സെപ്റ്റംബര്‍ 8 നാണ് തുറക്കുക. അന്ന് തന്നെ ഹര്‍ജി നല്‍കിയേക്കുമെന്നാണ് സൂചന. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ അശോക് നിയമ നടപടി സ്വീകരിക്കുന്നത് തടയുന്നതിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അടച്ചതിനൊപ്പമാണ് ഉത്തരവ് ഇറക്കിയത്.
അശോകിന് പകരം കൃഷി വകുപ്പിന്റെ തലപ്പത്ത് നിയമിതയായ ടിങ്കു ബിസ്വാള്‍ ഉത്തരവ് പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ കൃഷിവകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഇതും അശോക് നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ പ്രതിരോധിക്കുന്നതിനുളള തന്ത്രമായിരുന്നു. ഇതില്‍ നിന്നുതന്നെ അശോകിന്റെ സ്ഥലം മാറ്റം ആസൂത്രിതമാണെന്ന് വ്യക്തമാകുന്നുണ്ട്.
കൃഷി വകുപ്പില്‍ നിന്ന് ബി.അശോകിനെ മാറ്റിയത് താന്‍ അറിഞ്ഞില്ലെന്നാണ് മന്ത്രി പി.പ്രസാദിന്റെ പ്രതികരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുളള ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരേണ്ടതുണ്ട്.
27ന് നടന്ന കാബിനറ്റ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നിരുന്നു എന്നാണ് സൂചന. എന്നിട്ടും അശോകിന്റെ സ്ഥലംമാറ്റത്തെ കുറിച്ച് മന്ത്രി പി.പ്രസാദ് അറിയില്ലെന്ന് പറയുന്നത് അതിശയകരമാണെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലുളള പരിഹാസം.