കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ എല്ലാ സംഘനകളുടെയും സംയുക്ത യോഗം വിളിക്കാമെന്ന് പറഞ്ഞപ്പോൾ എതിർപ്പ് ഉന്നയിച്ച അമ്മ ഭാരവാഹികൾ പിന്നീട് പുരോഗമനവുമായി മുന്നോട്ടുവന്നെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പത്തൊൻപതിന് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നിവരുടെ യോഗം കൂടിയിരുന്നു. റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ പഠനം വേണമെന്നും കണ്ടെത്തലുകൾ ഗുരുതരമാണെന്നും അന്നത്തെ യോഗത്തിൽ പറഞ്ഞിരുന്നു.
സംയുക്ത വാർത്താസമ്മേളനം വിളിച്ചുചേർക്കാമെന്ന് അന്ന് ആവശ്യമുയർന്നു. എന്നാൽ അമ്മയിലെ ചില നടൻമാർ അതിനെ എതിർത്തു. മോഹൻലാലും മമ്മുട്ടിയും സംയുക്ത വാർത്താസമ്മേളനത്തെ അനുകൂലിച്ചു.
എന്നാൽ അന്ന് എതിർപ്പ് ഉന്നയിച്ച നടൻമാരാണ് പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രോഗ്രസീവ് നിലപാട് സ്വീകരിച്ചത്".-ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഹേമാകമ്മിറ്റിയ്‌ക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമർശനമുന്നയിച്ചു. "വെളിപ്പെടുത്തൽ വന്നയുടൻ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നു.ന്യായാധിപയായി വിരമിച്ച ആളാണ് സ്ത്രീകളുടെ പരാതി കേട്ടത്"-ഉണ്ണികൃഷ്ണൻ പറഞ്ഞു.
റിപ്പോർട്ടിൽ ഫെഫ്കയുടെ നിലപാട് വൈകിയോയെന്ന് ചോദ്യത്തിനും ഉണ്ണികൃഷ്ണൻ മറുപടി നൽകി. "ഫെഫ്കയുടെ പ്രതികരണം വൈകിയതിന് പിന്നിൽ മൗനം പാലിക്കലല്ല. ഫെഫ്കയുടെ 21 യൂണിയനുകളോടും അഭിപ്രായം തേടണമായിരുന്നു.
റിപ്പോർട്ടിലുള്ള മുഴുവൻ പേരുകളും പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്"-ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.