പാലക്കാട്; കാനിക്കുളത്തെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ബാബു അറസ്റ്റിലായി. വീടിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചുതകര്‍ത്തും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടുമാണ് ബാബു പരാക്രമം കാണിച്ചത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാലക്കാട് കസബ പൊലീസ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ കസബ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പാലക്കാട് നഗരത്തിനോട് ചേര്‍ന്നുള്ള കൂട്ടുപാത മരുത റോഡിലെ പോളിടെക്നിക്കിനു സമീപത്തുള്ള വാടകവീട്ടിലാണ് ബാബു പ്രശ്‌നങ്ങളുണ്ടാക്കിയത്. അക്രമാസത്തിനായി ബാബു വീട്ടില്‍ കടന്നു കയറി ഉപകരണങ്ങള്‍ തല്ലിപ്പൊളിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാര്‍ വിവരം നല്‍കിയത് അനുസരിച്ച് പാലക്കാട് കസബ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് ആവശ്യപ്രകാരം കഞ്ചിക്കോട്ടുനിന്ന് സേനാംഗങ്ങളും എത്തി.
എന്നാല്‍ പൊലീസിനെ കണ്ടതോടെ യുവാവ് കൂടുതല്‍ അക്രമാസക്തനായി മാറുകയായിരുന്നു എന്നാണ് വിവരം. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ആ ഗ്ലാസ് ചില്ലുകള്‍ ബാബു വാരിയെടുത്തു. തുടര്‍ന്ന് അവ ഉദ്യോഗസ്ഥര്‍ക്കുനേരെ എറിയുകയും ചെയ്തു. കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബാബു അതിക്രമം നടത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട പരാക്രമത്തിനൊടുവിലാണ് ഇയാളെ പൊലീസ് കീഴടക്കിയത്.
കേരളം കണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു 2022 ല്‍ മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ സംഭവം. അന്ന് 46 മണിക്കൂറിന് ശേഷമാണ് മലയിടുക്കില്‍ നിന്ന് ബാബുവിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. സിലൂരില്‍ നിന്നെത്തിയ വ്യോമസേനാ ഹെലികോപ്റ്ററില്‍ മലമുകളില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്താണ് ബാബുവിനെ കഞ്ചിക്കോടെത്തിച്ചത്. നിര്‍ജലീകരണവും ക്ഷീണവും കാരണം അന്ന് അവശനിലയിലായിരുന്നു യുവാവ്.
ഹെലിപാഡില്‍ ബാബുവിന് പ്രാഥമിക ചികിത്സ നല്‍കാന്‍ ആംബുലന്‍സുമായി ആരോഗ്യസംഘവും അന്ന് സജ്ജമായിരുന്നു. തുടര്‍ന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ബാബുവിനെ എത്തിച്ചത്. ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി സര്‍വ്വ സജ്ജീകരണവും ഒരുക്കിയിരുന്നു. അന്ന് ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ലക്ഷാദൗത്യം വിജയകരമായി അവസാനിച്ചത്. കരസേനയുടെ രണ്ട് സംഘവും ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കരസേനയിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് മുറുക്കിയാണ് അന്ന് ബാബുവിനെ മുകളിലെത്തിച്ചത്.