/sathyam/media/media_files/2026/02/23/children-2026-02-23-11-56-42.jpg)
തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. അരുൺ വാര്യർ.
ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി.
നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം.
പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.
രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു.
ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി.
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us