ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘർഷം: സന്ദീപ് വാര്യർക്ക് ജാമ്യമില്ല

ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ്

New Update
dsandeep

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല.

Advertisment

 ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുള്ളത്. 

ജയിലിലായ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചിരുന്നു.

കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരെ പൊലീസിന് നിയന്ത്രിക്കാനായില്ല. 

ബാരിക്കേഡ് മറികടന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തി. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്.

എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു. തേങ്ങ തീര്‍ന്നതോടെ നിലത്തുകിടന്ന കല്ലുകളും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ചിലരെ പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ വാഹനത്തിന് പുറത്തിറക്കുകയായിരുന്നു. ലാത്തികൊണ്ട് പൊലീസ് തന്നെ കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

Advertisment