തിരുവനന്തപുരം: പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായ പിന്നാലെ മകന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി രംഗത്ത്.
സ്വര്‍ണമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്നും പിതാവ് പറഞ്ഞു. അന്വേഷണത്തില്‍ കുടുംബത്തിന് നീതി ലഭിച്ചില്ല. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു
സിബിഐയും സ്വാധീനത്തിന് വഴങ്ങി. ബാലുവിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ മാഫിയയും ഡ്രൈവര്‍ അര്‍ജുനുമാണ്. ആര് ചാകുന്നു, ആരെ കൊല്ലുന്നു എന്നതൊന്നുമല്ല സ്വര്‍ണമാഫിയക്കാരുടെ പ്രശ്നം.
അവരുടെ കാര്യം നടക്കണം. മൂന്ന് കിലോ സ്വര്‍ണം അവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് പറയുന്നത്. എന്നിട്ടും പൊലിസിന് പിടിക്കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണത്തില്‍ ഒരുതരത്തിലും നീതി ലഭിച്ചിട്ടില്ല. ഇങ്ങനെ പോകുകയാണ്. സിബിഐ രണ്ടാമത് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മുഴുവന്‍ ഭാഗവും കിട്ടിയിട്ടില്ല. അപകടമരണമെന്നാണ് രണ്ടാമത്തെയും റിപ്പോര്‍ട്ടിലുള്ളത്. അവരും സ്വാധീനത്തിന് വഴങ്ങിയതായാണ് മനസിലാക്കുന്നതന്നും പിതാവ് പറഞ്ഞു.