'മരിച്ചത് അറിഞ്ഞില്ല, വന്നത് ആളൂർ വക്കീലിനെ കാണാൻ'; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു

New Update
Bandi chor

കൊച്ചി: കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തിൽ നിലവിൽ ഇയാൾക്കെതിരെ കേസുകൾ ഇല്ലാത്തതിനാലും ബണ്ടിചോർ നൽകിയ മൊഴി അന്വേഷിച്ച് സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ചത്. 

Advertisment

വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പൊലീസ് കണ്ടെത്തിയത്. 


ഡൽഹിയിൽ നിന്നു ട്രെയിനിൽ കൊച്ചിയിലെത്തിയപ്പോഴാണ് പിടികൂടിയത്. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതൽ തടങ്കലിലായിരുന്നു ഇയാൾ.


അന്തരിച്ച അഭിഭാഷകൻ ബിഎ ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നാണ് ബണ്ടിചോർ പൊലീസിനു നൽകിയ മൊഴി. കരുതൽ തടങ്കലിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. 

തുടർന്നു ആളൂരിന്റെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞ കാര്യം പൊലീസ് സ്ഥിരീകരിച്ചു. കേരളത്തിൽ മറ്റു കേസുകൾ ഇല്ലെന്നും സ്ഥിരീകരിച്ചതോടെയാണ് ഇയാളെ വിട്ടയച്ചത്.

ഇന്നലെ രാത്രിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു ഇയാളെ പിടികൂടിയത്. കേരളത്തിലടക്കം ജയിൽ ശിക്ഷ അനുഭവിച്ച ബണ്ടിചോറിന്റെ സാന്നിധ്യം റെയിൽവേ പൊലീസിൽ സംശയമുണ്ടാക്കി. പിന്നാലെയാണ് ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment