പോയിന്റ് ഇടിഞ്ഞിട്ടും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ഗുണ്ട് വാർത്തകൾ അടിച്ച് മുന്നോട്ട് പോകുന്ന റിപ്പോർട്ടർ ടിവി ഇക്കുറിയും രണ്ടാം സ്ഥാനത്ത്. രാത്രിചർച്ച ശ്രീകണ്ഠൻ നായർ തന്നെ അവതരിപ്പിച്ചു തുടങ്ങിയെങ്കിലും പോയിൻ്റ് നില ഉയർത്താൻ സാധിക്കാതെ ട്വൻ്റി ഫോർ. മനോരമ ന്യൂസ് നാലാമതും മാതൃഭൂമി അഞ്ചാമതും തുടരുന്നു

വലിയ വാർത്താ മുഹൂർത്തങ്ങളോ സംഭവങ്ങളോ ഇല്ലാതിരിക്കുമ്പോൾ മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗിൽ വൻ തോതിൽ കുറവ് വരാറുണ്ട്. അതുകൊണ്ടുതന്നെ പോയിൻറ് ഇടിവ് ഏഷ്യാനെറ്റ് ന്യൂസിനെ ആശങ്കപ്പെടുത്തുന്നതല്ല.

New Update
anto augustine vinu v john sreekandan nair
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗിൽ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മുന്നാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പോയിൻറ് നിലയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഒന്നാം സ്ഥാനം സുരക്ഷിതമാക്കാൻ കഴിഞ്ഞു എന്നതാണ് ഏഷ്യാനെറ്റിന്റെ നേട്ടം.

Advertisment

 കടുത്ത മത്സരം നിലനിൽക്കുമ്പോഴും മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രയാണം. ചാനലുകളുടെ റേറ്റിംഗ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാര്‍ക്) ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 97 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്ത ചാനലുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 


തൊട്ട് മുൻപത്തെ ആഴ്ചയിൽ 112 പോയിന്റിൽ നിന്ന്  15 പോയിൻറ് ഇടിഞ്ഞാണ് 97 എത്തിയത്.
വലിയ വാർത്താ മുഹൂർത്തങ്ങളോ സംഭവങ്ങളോ ഇല്ലാതിരിക്കുമ്പോൾ മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗിൽ വൻ തോതിൽ കുറവ് വരാറുണ്ട്. അതുകൊണ്ടുതന്നെ പോയിൻറ് ഇടിവ് ഏഷ്യാനെറ്റ് ന്യൂസിനെ ആശങ്കപ്പെടുത്തുന്നതല്ല.

asianet news team

ഈ ആഴ്ചയും റിപ്പോർട്ടർ ടിവി തന്നെയാണ് റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത്. 72 പോയിന്റ് നേടിയാണ് റിപ്പോർട്ടർ ടിവി രണ്ടാം സ്ഥാനത്ത് തുടർന്നത്. മുൻപത്തെ ആഴ്ചയിലെ പോയിൻറ് നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ റിപ്പോർട്ടർ ടിവിക്കും വലിയ ഇടിവുണ്ട്. 19 പോയിന്റിൻറെ ഇടിവാണ് റിപ്പോർട്ടറിന് സംഭവിച്ചത്.


തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ  സംബന്ധിച്ച ഗുണ്ട് വാർത്തകൾ അടിച്ചാണ് റിപ്പോർട്ടർ ടിവിയുടെയും മുന്നോട്ടുപോക്ക്. എല്ലാദിവസവും മത്സരിക്കുന്നവരുടെ പേരുകൾ സംബന്ധിച്ച ഊഹാപോഹങ്ങൾ വാർത്തയായി നൽകുന്നുണ്ട്. ചിലതൊക്കെ ഭാവിയിൽ ശരിയായി വരാൻ സാധ്യതയുണ്ട് എന്നത് മാത്രമാണ് പിടിവള്ളി.


പ്രേക്ഷകരുടെ ആകാംക്ഷ മുതലെടുത്തുകൊണ്ടുള്ള നീക്കം റേറ്റിംഗ് തകരാതെ കാക്കുന്നുണ്ട് എന്നതിൽ റിപ്പോർട്ടറിന് ആശ്വസിക്കാം. 48 പോയിന്റുമായി ട്വൻ്റി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്തുണ്ട്. ട്വൻ്റി ഫോറിനും മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പോയിൻ്റ് നഷ്ടം ഉണ്ടായിട്ടുണ്ട്. 60 പോയിൻ്റിൽ നിന്നാണ് ട്വൻ്റി ഫോർ 48ലേക്ക് വീണത്. 

sreekhandan nair 24 news

റേറ്റിങ്ങ് തകർച്ച മറികടക്കാൻ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ തന്നെ രാത്രി ചർച്ചയും അവതരിപ്പിച്ചു തുടങ്ങിയെങ്കിലും പോയിൻ്റ് നില ഉയർത്താൻ ട്വൻ്റി ഫോറിന് സാധിച്ചിട്ടില്ല. 

ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ ശ്രീകണ്ഠൻ നായർ നടത്തുന്ന ന്യൂസ് അവർ പരിപാടിക്ക്  സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയുണ്ട്. എല്ലാ ഷോയിലും ശ്രീകണ്ഠൻ നായർ എന്നതാണ് ട്വൻ്റി ഫോറിൻ്റെ പ്രധാന പരിമിതി. 


രാഷ്ട്രീയം, സർക്കാർ തുടങ്ങി ഗൗരവ സ്വഭാവത്തിലുള്ള സംഭവ വികാസങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രീകണ്ഠൻ നായർ പരിമിതിയുണ്ട്. ഇത് റേറ്റിങ്ങിനെ ബാധിച്ചു തുടങ്ങി എന്നതാണ് റേറ്റിങ്ങിലെ ഇടിവ് ചൂണ്ടിക്കാണിച്ച് തരുന്നത്.


ചാനൽ റേറ്റിങ്ങിലെ  ട്വൻ്റി ഫോറിൻ്റെ മൂന്നാം സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന സൂചനകളും ഇന്ന് പുറത്തുവന്ന റേറ്റിംഗിൽ ഉണ്ട്. 48 പോയിൻ്റുളള ട്വൻ്റി ഫോറിന് എട്ടുപോയിന്റ് മാത്രം അകലത്തിൽ മനോരമ ന്യൂസ് ഉണ്ട്. ഇപ്പോൾ നാലാം സ്ഥാനത്താണെങ്കിലും നന്നായി പരിശ്രമിച്ചാൽ ഒരുപക്ഷേ ട്വൻ്റി ഫോറിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ മനോരമ ന്യൂസിന് കഴിഞ്ഞേക്കും. 

മനോരമ തൊട്ടടുത്തെത്തിയത് ട്വൻറി ഫോറിനും ആശങ്ക ഉണ്ടാക്കുന്നതാണ്. മുൻപത്തെ ആഴ്ചയിലെക്കാൾ മനോരമയ്ക്ക് ആറു പോയിൻറ് കുറഞ്ഞിട്ടുണ്ട്. പോയിൻ്റ് അനുപാതം മാത്രമാണ് ട്വൻ്റി ഫോറിന് ആശ്വാസം പകരുന്ന കാര്യം.

manorama news channel team-2


31 പോയിന്റുമായി മാതൃഭൂമി ന്യൂസ് ആണ് ചാനൽ റേറ്റിംഗിൽ അഞ്ചാം സ്ഥാനത്ത്. മാതൃഭൂമിക്കും 5 പോയിന്റിന്റെ നഷ്ടമുണ്ട്. 26 പോയിന്റുമായി ന്യൂസ് മലയാളം 24x7 ആണ് ആറാം സ്ഥാനത്ത്. രണ്ടാഴ്ച മുൻപ് ജനം ടിവിക്ക് പിന്നിൽ ഏഴാം സ്ഥാനത്തായി പോയ ന്യൂസ് മലയാളം ഈയാഴ്ച ആറാം സ്ഥാനം ഏറെക്കുറെ സുരക്ഷിതമാക്കിയിട്ടുണ്ട്. 


മുൻ ആഴ്ചയിൽ ജനത്തിനൊപ്പം ആറാം സ്ഥാനം പങ്കിട്ടിടത്ത് നിന്നാണ് സുരക്ഷിത സ്ഥാനത്ത് എത്തിയത്. രണ്ട് പോയിൻ്റ് വർധിപിക്കാനായതാണ് ന്യൂസ് മലയാളത്തിന് രക്ഷയായത്. 

23 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തുണ്ട്. 17 പോയിന്റുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തും 12 പോയിന്റുമായി ന്യൂസ് മലയാളം 18 ഒൻപതാം സ്ഥാനത്തുമുണ്ട്.

Advertisment