നിലമ്പൂരില്‍ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കാന്‍ ബി.ജെ.പിയില്‍ ആലോചന. വെള്ളാപ്പള്ളിയുടെ മലപ്പുറത്തെ വിദ്വേഷ പരാമര്‍ശനം തിരിച്ചടിയാകുമോയെന്ന് സംശയിച്ച് ബി.ഡി.ജെ.എസും. കൈയ്യിലിരിക്കുന്ന സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നതില്‍ ബി.ജെ.പിക്കുള്ളിലും എതിര്‍പ്പ്. ന്യൂനപക്ഷ മേധാവിത്വമുള്ള മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനം തിരിച്ചടിയാകുമെന്നും വിമര്‍ശനം. ഇരുട്ടില്‍ത്തപ്പി ബി.ഡി.ജെ.എസും ബി.ജെ.പിയും

മലപ്പുറത്തെ അപമാനിച്ചെന്ന പൊതു വികാരം കേരളത്തിലാകെ രൂപപ്പെട്ടതോടെ വെള്ളാപ്പള്ളി പറഞ്ഞതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

New Update
bdjs and bjp

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മണ്ഡലത്തിൽ ബി.ഡി.ജെ.എസിന് സീറ്റ് നൽകാൻ ബി.ജെ.പിയിൽ ആലോചനയെന്ന് സൂചന. ന്യൂനപക്ഷ മേധാവിത്വമുള്ള മണ്ഡലത്തിൽ ബി.ജെ.പി മത്സരിച്ചിട്ട് കാര്യമില്ലെന്നാണ് നിലവിലെ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

Advertisment

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന വാദവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വെച്ചിരുന്നു. തിരഞ്ഞെടുപ്പിനെ പാർട്ടി ഗൗരവമായി കാണുന്നില്ലെന്ന സൂചനയാണ് ബി.ജെ.പി നേതൃത്വത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. 


എന്നാൽ ഇക്കഴിഞ്ഞ മാസം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി മലപ്പുറത്ത് നടത്തിയ വിദ്വേഷ പരാമർശം തിരിച്ചടിയാകുമോ എന്ന അങ്കലാപ്പിലാണ് ബി.ഡി.ജെ.എസുള്ളത്. മലപ്പുറം പ്രത്യേക രാജ്യമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.

vellappally nadesan

ഇതിനെതിരെ മുസ്ലീം ലീഗടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. മലപ്പുറത്തെ അപമാനിച്ചെന്ന പൊതു വികാരം കേരളത്തിലാകെ രൂപപ്പെട്ടതോടെ വെള്ളാപ്പള്ളി പറഞ്ഞതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ന്യായീകരണത്തിലും വ്യക്തതക്കുറവുണ്ടായിരുന്നു. ഇതാണ് ബി.ഡി.ജെ.എസിനെ അലട്ടുന്നത്. 

2011ൽ ആര്യാടൻ മുഹമ്മദ്ദ് മത്സരിക്കുമ്പോൾ കെ.സി വേലായുധനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. അന്ന് 4425 വോട്ടുകളാണ് ബി.ജെ.പി നേടിയത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 3.25ശതമാനത്തിൽ അത് ഒതുങ്ങി നിന്നു.


2016ൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്ത് ചേക്കേറിയ പി.വി അൻവറും ആര്യാടൻ മുഹമ്മദ്ദിന്റെ മകൻ ആര്യാടൻ ഷൗക്കത്തും ഏറ്റുമുട്ടിയപ്പോൾ ബി.ഡി.ജെഎസാണ് മണ്ഡലത്തിൽ മത്സരിച്ചത്. അവിടെ 12284 വോട്ടുകൾ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായ ഗിരീഷ് മേക്കാട്ട് നേടുകയും ചെയ്തു.


എൻ.ഡി.എയുടെ ഘടകകക്ഷിയെന്ന നിലയിൽ അവിടെ മത്സരം നടന്നപ്പോൾ വോട്ടുവിഹിതം 7.56 ആയി വർധിച്ചു. 2021ൽ ബി.ജെ.പി വീണ്ടും സീറ്റ് തിരിച്ചെടുത്തു.

അന്ന് പാർട്ടിക്ക് വേണ്ടി മാറ്റുരച്ച ടി.കെ അശോക് കുമാർ 8595 വോട്ടുകൾ മാത്രമാണ് നേടിയത്. അന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അൻവർ കടന്നുകൂടുകയായിരുന്നുവെന്നും പറയേണ്ടി വരും. ഇക്കാര്യങ്ങൾ കണക്കിലെടുത്താവും ബി.ജെ.പി മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

bjp


ബി.ഡി.ജെ.എസിന് സീറ്റ് വിട്ടുകൊടുക്കുന്നതിലും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. ബി.ജെ.പി കൈവശം വെച്ചിരിക്കുന്ന സീറ്റ് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ഡി.ജെ.എസിന് നൽകുന്നതെന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു.


ന്യൂനപക്ഷ മേധാവിത്വമുള്ള മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന പാർട്ടി തീരുമാനം തിരിച്ചടിയാകുമെന്നും വിമർശനമുയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ പിൻവാങ്ങിയാൽ ബി.ജെ.പി ഹിന്ദു വർഗീയ പാർട്ടിയാണെന്ന കോൺ്രഗസ്, സി.പി.എം ആരോപണത്തെ ശരിവെയ്ക്കുന്ന നിലയിലേക്ക് അത് മാറുമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്.

Advertisment