ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നത് മൂലം സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. അൾട്രാവയലറ്റ് വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു, ഇത് അനിയന്ത്രിതമായ വളർച്ചയ്ക്കും ക്യാൻസറിന്റെ വികാസത്തിനും കാരണമാകുന്ന മ്യൂട്ടേഷനുകളിലേയ്ക്കും നയിക്കുന്നു.
ടാനിംഗ് ബെഡുകളിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ സ്കിൻ ക്യാൻസറിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നാണ് ഡോ. ഭാവ്‌ന ബൻസാൽ പറയുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നതനുസരിച്ച്, 35 വയസ്സിന് മുമ്പ് ടാനിംഗ് ബെഡ്ഡുകൾ ഉപയോഗിക്കുന്നത് മെലനോമയുടെ സാധ്യത 59% വർദ്ധിപ്പിക്കുന്നു എന്നാണ്.
കെമിക്കൽ പീൽസ് പലരും ഇന്ന് ഉപയോഗിക്കുന്നുണ്ട്. മൃതകോശങ്ങളും മറ്റും നീക്കം ചെയ്തുകൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ മാർഗനിർദേശമില്ലാതെ കെമിക്കൽ പീൽസിൻ്റെ അമിത ഉപയോഗം ചർമ്മത്തിൻ്റെ സംരക്ഷണ തടസ്സത്തെ നശിപ്പിക്കും. ഇത് ദോഷകരമായ അൾട്രാവയലറ്റ് വികിരണത്തിന് ഇരയാക്കുന്നു.
ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവയൊക്കെ ഒരുപക്ഷേ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.