കോട്ടയം: ബലിപെരുന്നാളിനു തയാറെടുത്തു വിശ്വാസികള്‍.. വീടുകളില്‍ നടക്കുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ ഇറച്ചികൊണ്ടു തയാറാക്കുന്ന വിഭവങ്ങള്‍ വലിയ ആകര്‍ഷണമാണ്. ബിരിയാണിയും പേത്തിറച്ചിയും ആട്ടിറച്ചിയും കൊണ്ടുള്ള കറിയകളും എന്തിനു കുഴിമന്തി വരെ വീടുകളില്‍ തയാറാക്കും.
എന്നാല്‍, പെരുന്നാളിനോടുബന്ധിച്ച് ഇറച്ചി വിലയിലും വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കോഴിയിറച്ചിക്കു മുതല്‍ വില കുതിയ്ക്കുകയാണ്. ഗ്രാമ പ്രദേശങ്ങളില്‍ ഒരു കിലോ വരുന്ന കിലോയ്ക്ക് 155-160 രൂപയാണു വില. 400 -420 രൂപയായിരുന്ന പോത്തിറച്ചി വില ഒറ്റയടിക്കു 440-460 രൂപയായി.
ആട്ടിറച്ചി വില മിക്കയിടങ്ങളിലും ആയിരം കടന്നു. ബലിപെരുന്നാളിനു വില വര്‍ധനവിനു സാധാരമാണെന്നു വ്യാപാരികള്‍ പറയുന്നു. മുന്‍കാലങ്ങളിലെ പോലെയല്ല, ആവശ്യത്തിന് മാടുകളെ കിട്ടാത്ത അവസ്ഥ ഉണ്ട്.
ഭൂരിഭാഗം സ്ഥലങ്ങളിലെയും ഇറച്ചി പ്രേമികള്‍ക്കിഷ്ടം പോത്തിറച്ചിയാണ്. എന്നാല്‍, പോത്തിനുണ്ടായ ക്ഷാമം ഇറച്ചി വില വര്‍ധനയ്ക്കു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ വന്നതിന്റെ പകുതി പോലും ഇപ്പോള്‍ വരുന്നില്ല. ഇതിനു പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വളര്‍ത്താന്‍ കൊണ്ടുവന്ന പോത്തുകളില്‍ പലതും രോഗം ബാധിച്ചു ചത്തതും പോത്തിറച്ചി ക്ഷാമത്തിനു കാരണമാകുന്നുണ്ട്.
പോത്തിറച്ചിയെന്ന പേരില്‍ പല ഇറച്ചിക്കടകളിലും കോള്‍ഡ് സ്‌റ്റോറേജുകളിലും കാളയിറച്ചി വില്‍ക്കുന്നുണ്ടെന്ന ആരോപണവും ഉണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ വിലയ്ക്കു സുനാമി ഇറച്ചിയും കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നുണ്ട്.