യാത്രകളില്‍ മലയാളിത്തം തനിക്ക് വഴികാട്ടിയായെന്ന് യാനം ഫെസ്റ്റിവലില്‍ ബെന്യാമിന്‍ നോവലുകളുടെ ഭൂപ്രകൃതി വര്‍ണ്ണിക്കാന്‍ യാത്രകള്‍ സഹായകം

New Update
YAANAM BANYAMAN
വര്‍ക്കല: തനിക്ക് ഏറെ പ്രിയമുള്ള എഴുത്തുകാരുടെ ജീവിതത്തോടും രചനകളോടും ബന്ധമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴുള്ള ഊഷ്മളത വിവരിച്ച് മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍. കൊളംബിയയിലെ കാര്‍ട്ടജീന സര്‍വകലാശാലയില്‍ വിശ്വസാഹിത്യ പ്രതിഭ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്‍റെ ഭൗതിക ശേഷിപ്പുകള്‍ കാണാന്‍ പോയപ്പോള്‍ തന്‍റെ മലയാളിത്തമാണ് ആ യാത്രയില്‍ സഹായിയായതെന്ന് അദ്ദേഹം അനുസ്മരിച്ചു.
Advertisment


ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍ ലിറ്റററി ഫെസ്റ്റായ യാനം 2025-ലെ 'മക്കോണ്ടോ, മാര്‍ക്വേസ് ആന്‍ഡ് മോര്‍' എന്ന സെഷനില്‍ എഴുത്തുകാരന്‍ മുസാഫര്‍ അഹമ്മദുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്വേസ് ജീവിച്ചിരുന്നതും എഴുതിയതുമായ സ്ഥലങ്ങള്‍ ഞാന്‍ കൊളംബിയയിലൂടെ യാത്ര ചെയ്യുമ്പോള്‍ സന്ദര്‍ശിക്കവേ, അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ കാര്‍ട്ടജീന സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്നതായി കേള്‍ക്കാനിടയായി.

ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആവേശപൂര്‍വ്വം അവിടെയെത്തി. എന്നാല്‍ സര്‍വകലാശാല മൂന്ന് ദിവസത്തേയ്ക്ക് അടച്ചിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒഴികെ മറ്റാര്‍ക്കും മാര്‍ക്വേസിന്‍റെ ഭൗതിക ശേഷിപ്പുകള്‍ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ ശ്രമം ഉപേക്ഷിച്ചില്ല. ഗേറ്റ് കീപ്പര്‍ക്ക് കൈക്കൂലി നല്‍കി അകത്തേക്ക് കയറ്റിവിടാന്‍ ഞങ്ങള്‍ മാര്‍ഗം കണ്ടെത്തി.

എങ്കിലും ഒരാളെ മാത്രം കടത്തിവിടാനേ ഗേറ്റ് കീപ്പര്‍ അനുമതി നല്‍കിയുള്ളു. എന്‍റെ സുഹൃത്തുക്കള്‍ ആ അവസരം എനിക്ക് നല്‍കി. ആ നിമിഷം എല്ലാ മലയാളികളുടെയും പ്രതിനിധിയായി മാര്‍ക്വേസിന്‍റെ ഓര്‍മ്മയ്ക്ക് ഞാന്‍ അഭിവാദ്യം അര്‍പ്പിച്ചു. മലയാളിയുടെ ഉറച്ച മനസാണ് ആ അനുഭവം എനിക്ക് ലഭിക്കാന്‍ കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബെന്യാമിന്‍ പറഞ്ഞു.

റസിഡന്‍റ് റൈറ്റിംഗ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിച്ച അനുഭവവും ബെന്യാമിന്‍ വിവരിച്ചു. ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാന്‍ഡ് സാക്കിസിന്‍റെ ജീവിതവും കൃതികളും കണ്ടെത്തുന്നതിനായി ഗ്രീസില്‍ നടത്തിയ യാത്രകളെ അടിസ്ഥാനമാക്കിയുള്ള തന്‍റെ പുതിയ പുസ്തകമായ 'മള്‍ബറി എന്നോട് നിന്‍റെ സോര്‍ബയെക്കുറിച്ച് പറയൂ' എഴുതിയത് സ്വിറ്റ്സര്‍ലന്‍ഡിലെ താമസ വേളയിലാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ലോസാനില്‍ വെച്ചുണ്ടായ മറ്റൊരു അനുഭവവും അദേഹം വിവരിച്ചു. അവിടെയുള്ള ഹ്യൂമന്‍ മ്യൂസിയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന ഇടമാണ്. സന്ദര്‍ശകര്‍ക്ക് അഭയാര്‍ത്ഥി അനുഭവങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാം, പക്ഷേ ഭാഷാ തടസ്സം കാരണം തനിക്ക് അവരോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ പോളണ്ടിലെ ഓഷ്വിറ്റ്സ്-ബിര്‍കെനൗ സ്റ്റേറ്റ് മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് അനുഭവപ്പെട്ട ഭീതിയെപ്പറ്റി ബെന്യാമിന്‍ വ്യക്തമാക്കി. നാസികള്‍ കൊന്നൊടുക്കിയ കുട്ടികളുടെ നൂറുകണക്കിന് ഷൂസുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്യാസ് ചേമ്പറുകളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഷൂസുകള്‍ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു, ഒരിക്കല്‍ പീഡനത്തിനും വംശഹത്യയ്ക്കും ഇരയായ സമൂഹം തന്നെയാണ് ഇന്ന് മറ്റൊരു സമൂഹത്തിനെതിരെ അതിലും കൂടുതല്‍ ക്രൂരത കാണിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു.

യാത്രകള്‍ തന്‍റെ നോവലുകളുടെ ഭൂപ്രകൃതികള്‍ കൂടുതല്‍ വ്യക്തമാക്കാനും പുതിയ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കണ്ടെത്താനും സഹായിച്ചുവെന്ന്, തന്‍റെ എഴുത്തിനെ യാത്രകള്‍ സ്വാധീനിക്കുന്നതിനെ പറ്റി അദ്ദേഹം വ്യക്തമാക്കി.

'ഒരേ സ്ഥലത്തെക്കുറിച്ച് തന്നെ ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാവുക' എന്നുള്ളതാണ് യാത്രയെക്കുറിച്ചുള്ള തന്‍റെ ഫിലോസഫിയെന്ന് ബെന്യാമിന്‍ വിശദമാക്കി.

'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എതാണ് 17 മുതല്‍ 19 വരെ കേരള ടൂറിസം വര്‍ക്കലയില്‍ സംഘടിപ്പിച്ച യാനം ലിറ്റററി ഫെസ്റ്റിന്‍റെ കേന്ദ്ര പ്രമേയം

Advertisment