/sathyam/media/media_files/uCQQolDVklccpPtl7OiD.jpg)
ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളി നടത്താൻ അനുമതി നൽകാതിരിക്കെ, ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് 2.45 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ മണ്ഡലത്തിലെ പരിപാടിക്ക് വേണ്ടിയാണ് പക്ഷപാതിത്വം വെളിവാക്കുന്ന ഈ തീരുമാനം വന്നിരിക്കുന്നത്.
ഇന്ന് പുറത്തിറക്കിയ GO.(Rt) No: 410/2024/TSM (Dated 22-08-2024) എന്ന ഉത്തരവ് പ്രകാരമാണ് മന്ത്രി റിയാസിൻെറ മണ്ഡലമായ ബേപ്പൂരിലെ ജലോത്സവത്തിന് വേണ്ടി 2.45 കോടി രൂപ അനുവദിച്ചത്. ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നെഹ്റു ട്രോഫി വളളം കളിയും തൃശൂരിലെ പുലികളിയും എല്ലാം ഒഴിവാക്കിയത്.
ലക്ഷങ്ങൾ മുടക്കി വളളംകളി ക്ലബുകൾ പരിശീലനം നടത്തി വരുന്നതിനിടെയാണ് സർക്കാരിൻെറ തീരുമാനം വന്നത്. പ്രാദേശിക എതിർപ്പ് ശക്തമായതോടെ തൃശൂരിലെ പുലികളി നടത്താൻ അനുമതി നൽകി.
പുലികളിക്ക് പണം ചെലവഴിക്കാൻ തൃശൂർ കോർപ്പറേഷന് അനുമതി നൽകി കൊണ്ട് തദ്ദേശഭരണ വകുപ്പ് ഉത്തരവും ഇറക്കി. എന്നാൽ വളളംകളി സെപ്റ്റംബറിൽ എങ്കിലും നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെഹ്റു ട്രോഫി വളളം കളി സൊസൈറ്റിയും ആലപ്പുഴ എം.എൽ.എ പി.പി.ചിത്തരഞ്ജൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകിയിരുന്നു.
വളളംകളി ക്ലബുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയം ആയതിനാൽ അനുകൂല തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ നേതൃത്വവും സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈആവശ്യങ്ങളൊന്നും ചെവിക്കൊളളാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല.
അങ്ങനെയിരിക്കെയാണ് ഇപ്പോൾ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ മണ്ഡലത്തിലെ ജലോത്സവ പരിപാടിക്ക് പഞ്ഞമൊന്നും കാണിക്കാതെ രണ്ടരക്കോടിയോളം രൂപ അനുവദിച്ചത്.
/sathyam/media/media_files/LaTnDTiTvMKWBcTELxZM.jpg)
'' വയനാട് ദുരന്തഭൂമിയെ തകർത്ത് ഒഴുകിയ ഉരുൾ വെള്ളം ചാലിയാറിലൂടെ ഒഴുകി കടലിൽ ചേർന്ന ചാലിയത്തിനു തൊട്ടടുത്ത ബേപ്പൂരിൽ വള്ളംകളിയാകാം; 300 കിലോമീറ്റർ അകലെയുള്ള ആലപ്പുഴയിൽ അതു വേണ്ട എന്ന ന്യായം കൊള്ളാം! വള്ളംകളി നടത്തുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണ്'' വളളംകളി പ്രേമികൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർത്തുന്ന പരിഹാസം ഇതാണ്.
നെഹ്റു ട്രോഫി വളളംകളി നടക്കാതെ പോയാൽ വളളംകളി ക്ലബുകൾക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാവാൻ പോകുന്നത്. ഒരു ക്ലബിന് ശരാശരി കുറഞ്ഞത് 50ലക്ഷം രൂപയെങ്കിലും നഷ്ടം സംഭവിക്കും. നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന ഗ്രാന്റാണ് വളളംകളി ക്ലബുകളുടെയും വളളം ഉടമകളുടെയും പ്രധാന വരുമാനം.
നെഹ്റു ട്രോഫി വളളംകളിയിൽ പങ്കെടുക്കുന്ന വളളങ്ങളെയാണ് ചാമ്പ്യൻസ് ലീഗ് വളളംകളിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ചാമ്പ്യൻസ് ലീഗ് ബോട്ട് റേസും ഉപേക്ഷിച്ചിട്ടുണ്ട്.
നെഹ്റു ട്രോഫി വളളംകളിയിൽ ആകെ 19 ചുണ്ടൻ വളളങ്ങളാണ് പങ്കെടുക്കുന്നത്. ചൂണ്ടൻ വളളങ്ങൾ കൂടാതെ വെപ്പ്, ഇരുട്ടുകുത്തി വിഭാഗങ്ങളിൽ പെട്ട വളളങ്ങളും മാറ്റുരയ്ക്കാനെത്തും. ദുരന്ത പശ്ചാത്തലത്തിൽ വളളംകളി മാറ്റിവെച്ചിട്ടും ബേപ്പൂർ ജലമേളക്ക് പണം അനുവദിച്ചത് വൻവിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
മൂന്ന് കൊല്ലമായി ഡിസംബറിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടന്നുവരുന്നത്. അതിന് ഇപ്പോൾ തന്നെ പണം അനുവദിച്ച് ഉത്തരവിറക്കിയത് മന്ത്രിയുടെ മണ്ഡലത്തിലെ പരിപാടിയോടുളള സവിശേഷമായ താൽപര്യമാണെന്നാണ് വിമർശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us