സോപാനസംഗീതത്തിലെ 'ഭാഗ്യലക്ഷ്മി' നവംബർ 28ന് അരങ്ങേറ്റ വേദിയിലേയ്ക്ക്

പ്രശസ്ത ക്ഷേത്രവാദ്യകലാകാരനും സോപാനസംഗീതജ്ഞനുമായ ഊരമന രാജേന്ദ്രമാരാരുടെ ശിഷ്യയാണ് 23 വയസ്സുള്ള, പെരുമ്പാവൂർ കൂവപ്പടി സ്വദേശി ഭാഗ്യലക്ഷ്മി വി. നായർ

New Update
Untitled

പെരുമ്പാവൂർ: രസതന്ത്രശാസ്ത്രപഠനം പൂർത്തിയാക്കി ഭക്തിസംഗീതത്തിന്റെ രീതിശാസ്ത്രങ്ങൾ അഭ്യസിക്കുന്ന തിരക്കുകളിൽ ആണ് ഭാഗ്യലക്ഷ്മി വി. നായർ. കെമിസ്ട്രിയിലാണ് ബിരുദവും ബിരുദാനന്തരബിരുദവും.

Advertisment

Untitled


ഐരാപുരം ശ്രീശങ്കരവിദ്യാപീഠം കോളേജിൽ നിന്നും 2025-ൽ 75% മാർക്കോടെ എം.എസ്.സി കെമിസ്ട്രി പൂർത്തിയാക്കി ഉപരിപഠനത്തിനും ഗവേഷണത്തിനുമായുള്ള തയ്യാറെടുപ്പിനിടയിലാണ് കൂവപ്പടി മദ്രാസ് കവല കളരിയ്ക്കൽ പുതിയേടത്ത് ഭാഗ്യലക്ഷ്മി വി. നായർ എന്ന ഇരുപത്തിമൂന്നുകാരി സോപാന സംഗീതാലാപനത്തിൽ അഭിരമിച്ച് കൊട്ടിപ്പാടിസ്സേവയുടെ 'രസതന്ത്രം' പഠിച്ച് അരങ്ങേറാനൊരുങ്ങുന്നത്.


ഒരുപാടുകാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരിഷ്ടമായിരുന്നു അത്. ക്ഷേത്രസോപാനത്തിനു മുന്നിൽ നിന്ന് ഇടയ്ക്കകൊട്ടി പാടാൻ പഠിയ്ക്കണമെന്ന ആഗ്രഹവുമായി ചെന്നെത്തിയത്, സോപാനസംഗീതമെന്ന ക്ഷേത്രകലയുടെ രൂപഭാവങ്ങൾ നിർവ്വഹിച്ചുകൊണ്ട് സമഗ്രപഠനം നടത്തി ഒരു പ്രമാണഗ്രന്ഥം രചിച്ചിട്ടുളള പെരുമ്പാവൂരിലെ പ്രശസ്തനായ ഊരമന രാജേന്ദ്രമാരാരുടെ അടുത്ത്.

ഊരമനയാശാൻ പഠിപ്പിക്കാമെന്നേറ്റു. കഴിഞ്ഞ വർഷം വിദ്യാരംഭത്തിന് ദക്ഷിണവച്ച് തുടക്കമിട്ടതോടെ ഭാഗ്യലക്ഷ്മിയുടെ മനസ്സിലെ ചിരകാലമോഹം സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു.

Untitled

അനുഷ്ഠാന ദേവസംഗീതത്തിലെ കൊട്ടിനും പാട്ടിനുമിടയിലെ ഭക്തിയുടെ യഥാർത്ഥ രസതന്ത്രം പരമ്പരാഗത ശൈലിയിൽ ചിട്ടവട്ടങ്ങളോടെ ഒരുവർഷത്തോളമെടുത്ത്‌ പഠിച്ച് അവതരിപ്പിക്കാൻ കഴിയുമെന്നായപ്പോൾ ശിഷ്യർക്ക് അരങ്ങേറ്റത്തിന്  ആശാൻ തന്നെ അവസരമൊരുക്കി നൽകുകയായിരുന്നു.

ക്ഷേത്രങ്ങളിൽ വിവിധസമയങ്ങളിൽ നടക്കുന്ന പൂജാവിധാനങ്ങൾക്കായുള്ള 'ത്യാണികളുടെ' അഭ്യസനമാണ് ആദ്യം നടന്നത്. പിന്നീട് പാരമ്പരാഗതകൃതികളിലേയ്ക്കും ജയദേവ അഷ്ടപദിപ്പാട്ടുകളിലേയ്ക്കും കടന്നു. ഒന്നരവർഷത്തെ നിരന്തര സാധനയ്ക്കുശേഷമാണ് അരങ്ങിലേയ്ക്കെത്തുന്നത്.


രാമമംഗലത്ത് ഷട്കാലഗോവിന്ദമാരാർ സ്മാരകത്തിൽ ഒരുവട്ടം പാടാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന  ഭാഗ്യലക്ഷ്മിയുടെ അരങ്ങേറ്റം അശമന്നൂർ പഞ്ചായത്തിലെ നൂലേലി നമ്പ്യാർച്ചിറങ്ങര ഭഗവതിക്ഷേത്രത്തിൽ മണ്ഡലക്കാലത്തെ വലിയഗുരുതിയോടനുബന്ധിച്ച്  നവംബർ 28 വെള്ളിയാഴ്ച വൈകിട്ട് 5.30നാണ്. മുതിർന്നവരും കുട്ടികളുമടക്കം 8 പേരുടെ അരങ്ങേറ്റമാണ് അന്നു നടക്കുക.


Untitled

മൂന്നാർ കോവിലൂർ ക്യാമ്പ് നോയൽ ഹോട്ടൽസ് ആന്റ് റിസോർട്ട്സിൽ ജോലിക്കാരനായ ബി. വിക്രമൻനായരുടെയും പെരുമ്പാവൂരിലെ മെട്രോ ബാങ്കേഴ്‌സിലെ ജോലിക്കാരിയായ മായയുടെയും ഏക മകളാണ് ഭാഗ്യലക്ഷ്മി. 

പഠിച്ച വിഷയത്തിൽ നല്ലൊരു ജോലിയ്ക്കായി പരിശ്രമിക്കുമ്പോഴും പഠനത്തിനും മറ്റുമായുള്ള പണം കണ്ടെത്തുന്നതിനായി കാറ്ററിംഗ് സ്ഥാപനങ്ങളിൽ സദ്യകൾക്ക് ഭക്ഷണം വിളമ്പുന്ന ജോലി ചെയ്ത്  വരുമാനം കണ്ടെത്തുകകൂടി ചെയ്യുന്നുണ്ട്. കൊരുമ്പശ്ശേരി എൻ.എസ്.എസ്. കരയോഗത്തിൽ കൂടാലപ്പാട് മനീഷ് ഗുരുക്കളുടെ കീഴിൽ കളരിപ്പയറ്റും അഭ്യസിക്കുന്നുണ്ട് ഈ മിടുക്കി.

Untitled


അമ്മവഴിയിൽ കലാപാരമ്പര്യമുള്ള കുടുംബമാണ് ഭാഗ്യലക്ഷ്മിയുടേത്.  മുത്തച്ഛൻ വേങ്ങൂർ സി.കെ. നായരും, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വേങ്ങൂർ രാമകൃഷ്ണനും നൃത്തത്തിലും കഥകളിയിലും ആദ്യകാലത്ത് പ്രശസ്തരായിരുന്നവർ.


കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രീയൽ റിസേർച്ച് നടത്തുന്ന നെറ്റ് പരീക്ഷയിലൂടെ കെമിക്കൽ സയൻസിൽ ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്പിനുള്ള പഠനത്തോടൊപ്പമാണ് ഭാഗ്യലക്ഷ്മിയുടെ സോപാനസംഗീതപഠനം നടക്കുന്നത്. പഠിച്ച വിഷയത്തിൽ ഒരു ജോലിക്കായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അക്കാദമിക പഠനത്തോടൊപ്പം ദേവവാദ്യപഠനവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഭാഗ്യലക്ഷ്മിയ്ക്കൊപ്പം ഗീത മോഹൻ, പാർവ്വതി മനോജ്, ദേവിക എസ്. വാര്യർ, ദേവ് കൃഷ്ണ, ഇരിങ്ങോൾ അരുൺകുമാർ, ശ്രീകുമാർ, വേണുഗോപാൽ തുടങ്ങിയവരുമുണ്ടാകും  അരങ്ങേറ്റവേദിയിൽ എന്ന് ഊരമന രാജേന്ദ്രമാരാർ പറഞ്ഞു.

Untitled

Advertisment