/sathyam/media/media_files/2024/10/20/JBnIs8xIuynJF3dEk5sv.jpg)
പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിൽ ദീർഘകാലം സംസ്കൃതാധ്യാപികയായും പിന്നീട് പ്രധാനാധ്യാപികയായും വിരമിച്ച കൂവപ്പടി മഹാഗണപതിക്ഷേത്രത്തിനു സമീപം സുധി നിവാസിൽ, ഭാമിനിയമ്മ (75) അന്തരിച്ചു.
പെരുമ്പാവൂർ സാൻജോയ് ആശുപത്രിയിൽ ചികിത്സയിലായിരിയ്ക്കെ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.
സംസ്‌കൃതം പഠിക്കുന്നത് ശ്ലോകങ്ങൾ, മന്ത്രങ്ങൾ, മതപരമായ ആചാരങ്ങൾ, പൂജകൾ അല്ലെങ്കിൽ പുരാണങ്ങൾ എന്നിവയുടെ കേവലം പാരായണത്തിനപ്പുറം വ്യാപിച്ചുകിടക്കുന്നതാണെന്നും ഭാഷയുടെ മഹത്വം മനസ്സിലാക്കാൻ സംസ്‌കൃതത്തെ ഒരു ഭാഷ എന്ന നിലയിൽത്തന്നെ സമീപിയ്ക്കാമെന്നുമുള്ള കാഴ്ചപ്പാട് കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഭാമിനി ടീച്ചർ എന്നും ശ്രമിച്ചിരുന്നു.
/sathyam/media/media_files/2024/10/20/GZ7QmkAUIs67MCY3OHeV.jpg)
സംസ്കൃതഭാഷ അനായാസമായും അനുസ്യൂതമായും കൈകാര്യം ചെയ്യുന്നതിന് എല്ലാകുട്ടികൾക്കും സാധിയ്ക്കേണ്ടതുണ്ട് എന്ന ചിന്തയിൽ ഭാഷാ സംബന്ധിയായ മത്സരങ്ങൾ എവിടെ നടന്നാലും ഗണപതിവിലാസം സ്‌കൂളിലെ കുട്ടികളെ അതിനു പ്രാപ്തരാക്കി അയക്കുന്നതിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു അവർ.
പ്രധാനാധ്യാപികയായിരിയ്ക്കെ ഗണപതിവിലാസം സ്‌കൂളിന് കലോത്സവങ്ങളിലെ സംസ്കൃതമത്സരങ്ങളിൽ സ്ഥിരമായി മികച്ച നേട്ടം കൈവരിയ്ക്കാനായത് കുട്ടികളെ സ്നേഹവാത്സല്യങ്ങളോടെ സ്വാധീനിച്ച് പഠിപ്പിച്ചെടുക്കാൻ കഴിഞ്ഞതിനാലാണെന്ന് പൂർവ്വവിദ്യാർത്ഥികൾ പറഞ്ഞു.
ജോലിയിൽ നിന്നും വിരമിച്ചശേഷം വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെ ആദ്ധ്യാത്മിക സത്സംഗങ്ങളിൽ മുൻനിരക്കാരിയായി പ്രവർത്തിച്ചിരുന്നു. റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനും കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറിയുമായ പരേതനായ മുരളീധരൻ നായരാണ് ഭർത്താവ്.
ഏക മകൻ സുദീപ് സോഫ്റ്റ് വെയർ എൻജിനീയർ. മരുമകൾ ബിന്ദു. കൂവപ്പടി ഗണപതിവിലാസം എൻ.എസ്. എസ്. കരയോഗം പ്രവർത്തകർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us