പ്രക്ഷേപണം തുടങ്ങും മുമ്പെ ബിഗ് ടിവി തലപ്പത്ത് മൂപ്പിളമ തര്‍ക്കവും അഴിച്ചുപണിയും. വിജയകുമാറിനൊപ്പം ജോഷി കുര്യനും എക്സിക്യൂട്ടീവ് എഡിറ്റര്‍. സുജയ ചീഫ് എഡിറ്ററും വിജയകുമാറും ജോഷിയും തൊട്ടു പിന്നിലുമായി അണിനിരന്നതോടെ ബിഗ് ടിവിയില്‍ ജോയിന്‍ ചെയ്യാനിരുന്ന കൊള്ളാവുന്ന മാധ്യമപ്രവര്‍ത്തകരില്‍ പലരും പിന്‍മാറുന്നു. കൂടുമാറ്റക്കാരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പലതവണ കൂടുമാറിയ ശ്രീകണ്ഠന്‍ നായരും രംഗത്ത്

റിപോർട്ടർ ടിവി മാനേജ്മെൻറിൻെറയും ട്വൻറിഫോർ ന്യൂസ് മാനേജുമെൻറിൻെറയും നേതൃത്വത്തിൽ ബിഗ് ടിവിക്ക് എതിരെ വലിയ തോതിലുളള പ്രചരണമാണ് നടക്കുന്നത്.

New Update
sreekandan nair koshy kurian sujaya parvathy s vijayakumar
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ തലപ്പത്ത് അഴിച്ചുപണി. എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കിടയിലെ സന്തുലനം പാലിക്കുന്നതിന് വേണ്ടിയാണ് അഴിച്ചുപണി.

Advertisment

ട്വൻറിഫോർ ന്യൂസിൽ നിന്നുളള എസ്. വിജയകുമാറിൻെറ വരവാണ് മേൽത്തട്ടിൽ പോസ്റ്റുമാറ്റത്തിന് വഴിവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് എത്തിയ ജോഷി കുര്യനാണ് പോസ്റ്റ് മാറ്റം ലഭിച്ചത്. എസ് വിജയകുമാറിന് ഒപ്പം ജോഷി കുര്യനും എക്സിക്യൂട്ടിവ് എഡിറ്റർ സ്ഥാനം നൽകി.


ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫായിരുന്ന ജോഷി കുര്യന് ആദ്യം അസോസിയേറ്റ് എഡിറ്റർ പദവിയിലും എഡിറ്റോറിയൽ ബോർഡ് അംഗത്വവുമാണ് നൽകിയിരുന്നത്. എന്നാൽ എസ് വിജയകുമാറിനെ ചാനലിലേക്കെടുത്തപ്പോൾ എക്സിക്യൂട്ടിവ് എഡിറ്ററായാണ് നിയമനം നൽകിയത്.


s vijayakumar

വിജയകുമാറും ജോഷി കുര്യനും ഇരുപത് വർഷത്തെ പരിചയസമ്പത്തുളളവരാണ്. ബിഗ് ടിവിയിലെ പദവികളുടെ ഉയർച്ചക്രമ പ്രകാരം എക്സിക്യൂട്ടീവ് എഡിറ്റർ തസ്തികക്ക് താഴെയാണ് അസോസിയേറ്റ് എഡിറ്റർ.

ഒരേ പരിചയസമ്പത്തുളളവരെ മുകളിലും താഴെയുമായി നിയമിച്ചാൽ ചാനലിൻെറ തുടക്കത്തിലെ പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന ആശങ്കയിലാണ് വിജയകുമാറിന് ഒപ്പം ജോഷി കുര്യനെയും എക്സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചത്. ജോഷി കുര്യനും എസ് വിജയകുമാറും ചീഫ് എഡിറ്റർ സുജയ പാർവതിയുടെ അടുപ്പക്കാരാണ്.

joshy kurian


ഏഷ്യാനെറ്റ് ന്യൂസിൽ സഹപ്രവർത്തകരായി ഇരിക്കുമ്പോഴുളള സൗഹൃദമാണ് ജോഷി കുര്യനും സുജയക്കും ഇടയിൽ ഉളളതെങ്കിൽ തീവ്ര സംഘപരിവാർ അനുകൂലികൾ എന്നതാണ് സുജയക്കും വിജയകുമാറിനും ഇടയിലുളള പാരസ്പര്യത്തിൻെറ അടിസ്ഥാനം.


ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ പഠിക്കുന്ന കാലത്തേ എബിവിപി പ്രവർത്തകനായ വിജയകുമാർ മാധ്യമ പ്രവർത്തന മേഖലയിൽ എത്തിയശേഷവും സംഘപരിവാറുമായി ഉറച്ചബന്ധമുളളയാളാണ്.

ട്വൻറി ഫോറിൻെറ തലപ്പത്തിരുന്നത് സംഘപരിവാർ നേതാക്കളുമായുളള ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ വിജയകുമാറിനെ സഹായിച്ചു. ബിഗ് ടിവി തലപ്പത്തെ സുജയ-ജോഷി-വിജയകുമാർ ത്രയം ചാനലിൽ വലിയ അധികാരകേന്ദ്രമായി മാറുമെന്നാണ് സൂചന.


അതിനിടെ, സുജയ പാർവതിയെ ചീഫ് എഡിറ്റർ തസ്തികയിൽ അവരോധിച്ചതിനെയും ജോഷി കുര്യനെ എഡിറ്റോറിയൽ തലപ്പത്ത് നിയമിച്ചതിനെയും തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് ബിഗ് ടിവിയിലേക്കുളള ഒഴുക്ക് നിന്നു.


rp vinod kc bipin

സുജയയെയും ജോഷിയേയും എഡിറ്റോറിയൽ മേധാവികളായി അംഗീകരിക്കാൻ മടിച്ചാണ് കോഴിക്കോട് റീജണൽ ഹെഡ് ആയി വരാനിരുന്ന കെ.സി ബിപിനും തിരുവനന്തപുരം ബ്യൂറോയിലേക്ക് വരാനിരുന്ന ആർ.പി വിനോദും പിന്മാറിയതെന്ന് പറയപ്പെടുന്നു.

ബിപിൻെറയും വിനോദിൻെറയും പിന്മാറ്റം ബിഗ് ടിവിയുടെ റിപോർട്ടിങ്ങ് ടീമിൻെറ ശക്തിക്ഷയിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ബ്യൂറോ ചീഫായി പി.ആർ. പ്രവീണ വന്നതോടെ തിരുവനന്തപുരം ബ്യൂറോയിലേക്കും മികച്ച റിപോർട്ടർമാർ വരാത്ത അവസ്ഥയുണ്ട്.

pr praveena

ഇപ്പോൾ എടുത്തവരിൽ ചിലർ തിരുവനന്തപുരം ബ്യൂറോയിൽ നിൽക്കാനുളള വൈമനസ്യവും അറിയിച്ചിട്ടുണ്ട്.


നിലവിലുളള ടീമിനെ വെച്ചുകൊണ്ട് റിപോർട്ടർ റീലോഞ്ച് ചെയ്ത് എടുത്തപ്പോൾ വേഗത്തിൽ ചാനലിനെ മുന്നിലെത്തിക്കാൻ കഴിഞ്ഞതുപോലെ ബിഗ് ടിവി യുടെ കാര്യത്തിൽ അനിൽ അയിരൂരിന് സാധിക്കുമോയെന്ന് ടീമംഗങ്ങൾക്ക് തന്നെ ആശങ്കയുണ്ട്.


anil ayiroor

പുതിയ ടീമിൻെറ ശക്തിയേയും ശേഷിയേയും കുറിച്ച് ആശങ്കയുളളത് പോലെ തന്നെ പുറത്തുനിന്നുളള ആക്രമണവും ബിഗ് ടിവിക്ക് തലവേദനയാകുന്നുണ്ട്.

റിപോർട്ടർ ടിവി മാനേജ്മെൻറിൻെറയും ട്വൻറിഫോർ ന്യൂസ് മാനേജുമെൻറിൻെറയും നേതൃത്വത്തിൽ ബിഗ് ടിവിക്ക് എതിരെ വലിയ തോതിലുളള പ്രചരണമാണ് നടക്കുന്നത്.


ട്വൻറി ഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായരുടെ അടുപ്പക്കാരനും പഴയ സിനിമ സംവിധായകനുമായ ബൈജു കൊട്ടാരക്കര ഒരു ഡിജിറ്റൽ മാധ്യമത്തിലൂടെ ബിഗ് ടിവി മാനേജുമെൻറിന് എതിരെ അധിക്ഷേപം നടത്തുകയാണ്.


baiju kottarakkara

വലിയ കാഴ്ചക്കാരോ ലൈക്കോ ഷെയറോ ഇല്ലെങ്കിലും ആരുടെയോ ക്വട്ടേഷൻ എടുത്തപോലെയാണ് ബൈജു കൊട്ടാരക്കര ദിവസവും ബിഗ് ടിവിക്കെതിരെ വീഡിയോ ഇറക്കുന്നത്.

മിക്കപ്പോഴും അധിക്ഷേപവും ചിലപ്പോൾ പുലഭ്യം പറച്ചിലുമായി മാറുന്ന ബൈജു കൊട്ടരാക്കരയുടെ വികൃതവേഷം ശ്രീകണ്ഠൻ നായർക്ക് വേണ്ടിയാണെന്നാണ് ആരോപണം.


വീഡിയോയുടെ കമൻറിലും അത്തരം ആരോപണങ്ങൾ കാണാം. വൻതുക നൽകി മാധ്യമപ്രവർത്തകരെ ബിഗ് ടിവിയും റിപോർട്ടർ ടിവിയും റാഞ്ചി കൊണ്ടുപോയതിൽ അസ്വസ്ഥനായ ശ്രീകണ്ഠൻ നായരും ചാനൽ രംഗത്തെ കൂടുമാറ്റത്തിനെതിരെ വാളെടുത്ത് ഇറങ്ങിയിട്ടുണ്ട്.


ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റിൽ മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന് ഒപ്പം പങ്കെടുത്ത ശ്രീകണ്ഠൻ നായർ സംസാരിച്ചതേറെയും ചാനൽ കൂടുമാറ്റത്തെ കുറിച്ചായിരുന്നു.

sreekandan nair

ചാനൽ മേഖലയിൽ നടക്കുന്നത് ജോലിസ്ഥലം മാറലല്ല, പർച്ചേസാണെന്നാണ് ശ്രീകണ്ഠൻ നായരുടെ പരിദേവനം. ആദ്യം ആകാശവാണിയിൽ നിന്നും പിന്നീട് ഏഷ്യാനെറ്റിലേക്കും അവിടെ നിന്നും മനോരമ ടെലിവിഷനിലേക്കും കൂടുമാറിയ ആർ. ശ്രീകണ്ഠൻ നായർ അന്നൊന്നും പർച്ചേസ് ചെയ്യപ്പെടുകയല്ലായിരുന്നു എന്ന് വേണം കരുതാൻ.


ഏഷ്യാനെറ്റിൽ നിന്ന് ഉയർന്ന ശമ്പളം തേടിയാണ് മനോരമയിലേക്ക് പോയത്. അതേ ശ്രീകണ്ഠൻ നായരാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ശ്വാസം മുട്ടിയത് കൊണ്ടല്ല പോകുന്നതെന്ന് പറയണമെന്ന് ആവശ്യപ്പെടുന്നത്.


താനിട്ടാൽ ബർമുഡയും മറ്റുളളവരിട്ടാൽ വളളിക്കളസും എന്ന് പറയുന്ന മാനസികാവസ്ഥയാണ് ശ്രീകണ്ഠൻ നായർക്കെന്നാണ് ആക്ഷേപം.

ബിഗ് ടിവിയുടെ വരവോടെ പ്രേക്ഷക നഷ്ടം നേരിടുമെന്ന് ഭയക്കുന്ന റിപോർട്ടർ ടിവിയും ഡിജിറ്റൽ സ്പോൺസേഡ് പ്രചാരണങ്ങളുമായി രംഗത്തുണ്ട്.

Advertisment