/sathyam/media/media_files/2025/09/13/billuntitled-2025-09-13-14-13-11.jpg)
തിരുവനന്തപുരം: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യുന്നതിന് തടയിടാന്‍ സംസ്ഥാനത്ത് നിയമം വരുന്നു. 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ കരടിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ ( മനപ്പൂര്‍വമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിര്‍ദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസുകളില്‍ അവരുടെ ഏക പാര്‍പ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ പാര്‍പ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. രാജ്യത്താദ്യമായാണ് കിടപ്പാടം സംരക്ഷിക്കാന്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്.
പ്രതിവര്‍ഷം മൂന്നുലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകള്‍ക്കുമാണ് കര്‍ശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏതു സ്ഥാപനത്തിന്റെ ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്കും പിഴപ്പലിശയില്‍ ഇളവ് ലഭിക്കുന്നതിനും പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കാന്‍ അവസരം നല്‍കുന്നതിനുമുള്ള കേരള നികുതി വസൂലാക്കല്‍ ഭേദഗതി ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.
ജപ്തിയില്‍ പിടിച്ചെടുക്കുന്ന ഭൂമി ലേലത്തില്‍ എടുക്കാന്‍ ആരും തയാറായില്ലെങ്കില്‍ ഒരു രൂപ നിരക്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 5 വര്‍ഷത്തിനകം കുടിശിക തിരിച്ചടച്ച് ഉടമയ്ക്ക് ഈ ഭൂമി തിരിച്ചെടുക്കാന്‍ നിയമം അവസരം നല്‍കുന്നുണ്ടായിരുന്നു.
ഈ നിയമം വരുന്നതോടെ കേരളത്തിലെ ഒരു ബാങ്കിനോ സ്ഥാപനത്തിനോ വീടോ സ്ഥലമോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാനാകില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീടും നിരവധി ജപ്തികള്‍ മുടക്കമില്ലാതെ നടന്നു.
ബാങ്കുകളുടെ ജപ്തി നടപടികള്‍ തടയാന്‍ സംസ്ഥാനം പാസാക്കുന്ന നിയമങ്ങള്‍ കൊണ്ട് കഴിയില്ലെന്നതിനാലാണ് ആ നിയമം കടലാസില്‍ ഒതുങ്ങിപ്പോയത്. നിലവില്‍ ബഹൂഭൂരിപക്ഷം ബാങ്ക് ജപ്തികള്‍ക്കും ആധാരമായ സര്‍ഫാസി ആക്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ഈ ബില്ല് വഴി സംസ്ഥാന സര്‍ക്കാരിനു കഴിയില്ല.
സര്‍ഫാസി ആക്ട് പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. ഇതിനെ മറികടക്കാന്‍ ഒരു സംസ്ഥാനത്തിന് നിയമം കൊണ്ടുവരാനാവില്ല. അങ്ങനെ നിയമഭേദഗതി പാസാക്കിയാല്‍ തന്നെ അതിന് നിയമ സാധുതയുമുണ്ടാവില്ലെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.
കേരള ബാങ്കിലും സഹകരണ ബാങ്കുകളിലും ജപ്തി തടയല്‍ നിയമം നടപ്പാക്കാനാവും. പക്ഷേ ബാങ്കുകളുടെ ജപ്തി തടയാന്‍ ഈ നിയമത്തിന് കഴിയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ജപ്തി ചെയ്യുന്ന വീടും വസ്തുവും സര്‍ക്കാരിന് വാങ്ങുകയും പിന്നീട് ഉടമകള്‍ക്ക് തിരിച്ചു കൊടുക്കുകയുമാവാം.
കിടപ്പാടം സംരക്ഷിക്കല്‍ ബില്‍ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള പ്രചാരണം മാത്രമാണെന്നാണ് വിലയിരുത്തല്‍. സര്‍ഫാസി ബില്ലിലെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഈ ബില്ലിന് സാധിക്കില്ല. ജനങ്ങളുടെ സംരക്ഷകരാണെന്ന് വരുത്തി തീര്‍ക്കാന്‍, അതിനായി ജനങ്ങളുടെ കണ്ണില്‍ പൊടിയാടിനുള്ള സര്‍ക്കാരിന്റെ തന്ത്രം മാത്രമാണിതെന്നാണ് ആക്ഷേപം.
എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ജനങ്ങളുടെ മനോഭാവത്തെ കൂടി ഇല്ലാതാക്കാനേ ഇതു കൊണ്ട് സാധിക്കൂ. അതു ബാങ്കിങ് മേഖലയുടെ തന്നെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഇഷ്യു ആണെങ്കിലും പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ അതേ നിലനില്‍ക്കൂ.
അതിനെ മറികടക്കാന്‍ സംസ്ഥാനത്ത് ബില്ല് കൊണ്ടുവരാന്‍ സാധിക്കില്ല- ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. സഹകരണബാങ്കുകളുടെ കാര്യം എടുത്താലും ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്നവയായതിനാല്‍ അവയ്ക്കും സര്‍ഫാസി നിയമം ബാധകമാണ്.
അതേസമയം, വായ്പാ തിരിച്ചടവ് കുടിശികയുടെ പേരില്‍ വീടും സ്ഥലവും കെട്ടിടവും വസ്തുവും ജപ്തി ചെയ്ത് ഒരു കുടുംബത്തെയും തെരുവില്‍ തള്ളാന്‍ ഇനി കേരളത്തിലെ ഏതൊരു ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതര വകുപ്പുകള്‍ക്കും, കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍, ദേശസാത്കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കമേഴ്‌സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാത്തരം ജപ്തി നടപടികളിലും ഇടപെടാനാവും.