കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന് ഇന്ന് നാട് വിടചൊല്ലും. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വൈകാരിക രംഗങ്ങളായിരുന്നു അരങ്ങേറിയത്.
മക്കളും ഭര്‍ത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും വീട്ടില്‍ എത്തിയിരുന്നു. സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടിയ ബന്ദുവിന്റെ മക്കളെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു.
രാവിലെ 11മണിയോടെയാണ് സംസ്‌കാരം നടക്കുക. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.
മന്ത്രിമാരുടെ ഉള്‍പ്പടെ ആരും തങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്നു ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. അവളായിരുന്നു മക്കളെ പഠിപ്പിച്ചതെല്ലാം. തേങ്ങലടക്കിയുള്ള വിശ്രുതന്റെ വാക്കുകള്‍ നാടിന്റെ നോവായി.
രക്തപരിശോധനയ്ക്കായി വിശ്രുതന്‍ ബ്ലഡ് ബാങ്കിലേക്കു പോയ സമയമായിരുന്നു അപകടമെന്നതിനാല്‍ അദ്ദേഹം ആദ്യം വിവരം അറിഞ്ഞിരുന്നില്ല.
ഏറെ നേരത്തിനു ശേഷം കരഞ്ഞുകൊണ്ടു മകള്‍ നവമി വിളിക്കുമ്പോഴാണു വിവരം അറിയുന്നത്. ബിന്ദു മറ്റെവിടെയെങ്കിലുമുണ്ടാകും എന്ന പ്രതീക്ഷയില്‍ ഓടിയെത്തിയെങ്കിലും ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്.