കോട്ടയം: മെഡിക്കല്‍ കോളജ് അപകടത്തില്‍ ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരുക്കും ആന്തരീക രക്തസ്രാവും മരണ കാരണമായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അപകടത്തില്‍ തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം , ഹൃദയം , കരള്‍ ഉള്‍പ്പെടെ ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
ബിന്ദുവിനെ കാണാനില്ലെന്ന വാര്‍ത്ത വന്നതോടെയാണ് വീണ്ടും തെരച്ചില്‍ ആരംഭിച്ചത്. കെട്ടിടം ഇടിഞ്ഞു വീണ ഭാഗത്തേക്ക് ഹിറ്റാച്ചി എത്തിക്കാന്‍ മാര്‍ഗമില്ലാതിരുന്നതിനാല്‍ ആശുപത്രി ബ്ലോക്കിലെ ഒരു ഭിത്തി പൊളിച്ചാണ് ഹിറ്റാച്ചി എത്തിച്ചത്.
ഹിറ്റാച്ചി ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദുവിനെ കണ്ടെത്തിയത്. സ്ലാബുകള്‍ക്കിടയില്‍ മുഖം തകര്‍ന്നു, തലയ്ക്കു പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.