/sathyam/media/media_files/pvrJzid2vEgNUQ5FXyql.jpg)
തിരുവനന്തപുരം: ജനങ്ങൾ ഉയർത്തുന്ന വിമർശനങ്ങൾക്ക് മുന്നിൽ അസഹിഷ്ണുക്കളാവാൻ അവകാശമില്ലെന്ന് ഓർമ്മിപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാത്തിനേക്കാളും വലുത് ജനങ്ങളാണെന്നും അവരോട് ഇടതുപക്ഷം ഇടപഴകേണ്ടത് നിറഞ്ഞ കൂറോടും വിനയത്തോടും ആകണമെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. സി.പി.ഐയുടെ മുഖമാസികയായ നവയുഗം വാരികയിലെഴുതിയ ബ്രാഞ്ച് സെക്രട്ടറിമാർക്കുളള കത്തിലാണ് ബിനോയ് വിശ്വത്തിൻെറ ഈ ഓർമ്മപ്പെടുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തിരിച്ചടിയെ പറ്റി വിശദമായി പഠിക്കണം. എൽഡിഎഫിലെ ഓരോ ഘടക പാർട്ടികളും ഒറ്റക്കും മുന്നണി കൂട്ടായും സ്വയം വിമർശന ബുദ്ധ്യാ ഈ പഠനം ഏറ്റെടുക്കണം.
യാഥാർത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ളവപരമായ വിശകലന സാമർത്ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് നമ്മുടെ മുമ്പിൽ ഉയർന്നു വന്നിട്ടുള്ളത്. കമ്യൂണിസ്റ്റ്കാർക്ക് മാത്രം കഴിയുന്ന ആത്മവിമർശന സന്നദ്ധതയാണ് ഈ ദിനങ്ങൾ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരമില്ലെന്നും ബി.ജെ.പിയെ അകറ്റി നിർത്താൻ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു എന്നുമുളള സി.പി.എമ്മിൻെറയും മുഖ്യമന്ത്രിയുടെയും വിലയിരുത്തലുകളോടുളള പ്രകടമായ വിയോജിപ്പാണ് ബിനോയ് വിശ്വത്തിൻെറ കത്തിൽ കാണുന്നത്.
ഉപരിപ്ലവമായ വിശകലനം കൊണ്ടോ യാഥാർത്ഥ്യം തൊടാത്ത വ്യാഖ്യാന പാടവം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഉയർന്നു വന്നിരിക്കുന്നതെന്ന കത്തിലെ പരാമർശങ്ങൾ അതുകൊണ്ടുതന്നെ സി.പി.എമ്മിനുളള കൃത്യമായ മറുപടിയാണ്. പാർട്ടിയുടെ എല്ലാ തലങ്ങളിലും ആത്മവിമർശനം വേണമെന്നും നവയുഗത്തിലെ കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുന്നേറ്റം നിസ്സാരമായി കാണാനാകില്ല. ജനങ്ങളുമായി ബന്ധം നിലനിർത്തുന്നതിൽ കമ്മ്യൂണിസ്റ്റുകാർ എത്രത്തോളം വിജയിക്കുന്നുണ്ടെന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പാർട്ടി പ്രവർത്തകരോട് ചോദിക്കുന്നുണ്ട്.
ഒരു തോൽവിയും ഒരു വിജയവും ഒന്നിൻെറയും അവസാനമല്ല. പരാജയ കാരണങ്ങൾ കണ്ടെത്തി, തിരുത്തി മുന്നേറണം. ഇപ്പോൾ സംഭവിച്ച പരാജയത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്നും ബിനോയ് വിശ്വം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ജനങ്ങളുമായി ബന്ധം പുനസ്ഥാപിക്കുക എന്ന പാർട്ടി കോൺഗ്രസിലെ ആഹ്വാനം ഓർമ്മപ്പെടുത്തി കൊണ്ടാണ് ബിനോയ് വിശ്വത്തിൻെറ ബ്രാഞ്ച് സെക്രട്ടറിമാർക്കുളള കത്ത് അവസാനിക്കുന്നത്.
കേരള രാഷ്ട്രീയ അന്തരീക്ഷത്തിൽ ഗുരുതരമായ വെല്ലുവിളികളുടെ കാർമേഘങ്ങൾ ഉരുണ്ട് കൂടി കഴിഞ്ഞുവെന്നാണ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്. വിജയം ഉറപ്പാണെന്നു കരുതിയ സീറ്റുകൾ പലതുും എൽഡിഎഫിനു നഷ്ടപ്പെട്ടു. സിപിഐക്ക് ഒരു സീറ്റിലുും വിജയിക്കാനായില്ല. ആലത്തൂരിൽ കെ. രാധാകൃഷ്ണന്റെ വിജയം മാത്രമാണ് മുന്നണിക്ക് നേടാനായത്. അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായി ഇടതുപക്ഷം നേരിട്ട ഈ തിരിച്ചടിയെപറ്റി ഇടതു പക്ഷ ജനാധിപത്യ മുന്നണി ആഴത്തിൽ പഠിക്കേണ്ടതുണ്ടെന്നാണ് ബിനോയ് ബ്രാഞ്ച് സെക്രട്ടറിമാർക്ക് എഴുതിയ കുറിപ്പിൽ ആവശ്യപ്പെടുന്നത്.
അടി മുതൽ മുകൾ വരെയുള്ള എല്ലാ തലങ്ങളിലും അതുണ്ടാകണം. ഒരുപാട് പുതിയ ചോദ്യങ്ങൾ മുമ്പിൽ ഉയർന്നു വന്നിരിക്കുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വഴികാട്ടിയായി സ്വീകരിച്ച ഒരു തീവ്ര വലതുപക്ഷ പാർട്ടിക്ക് കേരളത്തിൽ ഇത്ര മാത്രം വേരോോട്ടമുണ്ടാക്കാൻ എങ്ങനെ കഴിഞ്ഞു ? അതിന്റെ ഈ തോതിലുള്ള വളർച്ചയോട് കേരളത്തിലെ കോൺഗ്രസ്സും യുഡിഎഫും സ്വീകരിച്ച അനുകൂല നിലപാടുകളുടെ കാരണങ്ങൾ എന്താണ്? ഇവയെല്ലാം ഫലപ്രദമായി മനസ്സിലാക്കാനുും നേരിടാനുും ഇടതു മുന്നണിക്ക് എന്തു കൊണ്ട് കഴിഞ്ഞില്ല ? ശീലിച്ചു പോന്ന പതിവുള്ള ഉത്തരങ്ങൾ കൊണ്ടു മാത്രം ഈ സ്ഥിതി വിശേഷത്തെ മറികടക്കാമെന്ന് കരുതരുതെന്നും ബിനോയ് വിശ്വം ബ്രാഞ്ച് സെക്രട്ടറിമാരെ ഓർമ്മിപ്പിച്ചു.
"ജീവിതത്തിന്റെ എല്ലാ തുറകളിലുും സംഭവിച്ചു കൊൊണ്ടിരിക്കുന്ന സാമൂഹിക,സാമ്പത്തിക, സാംസ്കാരിക മാറ്റങ്ങളെ കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ഉണ്ടായേ തീരൂ. ജനങ്ങളുമായി നിരന്തര ബന്ധം പുലർത്തേണ്ടുന്ന കമ്മ്യൂണിസ്റ്റുകാർ അതിൽ എത്രമാത്രം വിജയിക്കുന്നുണ്ട് എന്ന് പരിശോധന വേണം. സ്വന്തമെന്ന് കരുതി പോന്ന അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇന്ന് പഴയതു പോലയുള്ള ബന്ധമുണ്ടോ? ആ വിഭാഗങ്ങൾ ഇടതുപക്ഷത്തിനു മേൽ അർപ്പിച്ച വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണ്? നമ്മെ അലട്ടേണ്ടുന്ന, നാം പരിഹാരം കാണേണ്ട അടിസ്ഥാന പ്രശ്നങ്ങൾ ഇങ്ങനെ ഒട്ടേറെയാണ്.
ബൂത്തു തിരിച്ചുള്ള വോോട്ടുകളുടെ വിശകലനമാണ് ഈ പഠനത്തിന്റെ തുടക്കം. ഉപരി ഘടകങ്ങളുടെ സഹായത്തോടെ എല്ലാ ബ്രാഞ്ചുകളിലും അടിയന്തിരമായി ഈ വിശകലനം നടത്താൻ പറ്റും. നമ്മുടെ ശക്തി - ദൗർബല്യങ്ങൾ തിരിച്ചറിയാനുള്ള കണ്ണാടിയാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയേയുും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയുും ജനങ്ങൾ എങ്ങനെ കാണുന്നുവെന്ന് പൊതുവിൽ മനസ്സിലാക്കാൻ ആ കാഴ്ച സഹായിക്കും. ഇടതുപക്ഷം ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ, ഭരണ നയങ്ങളെ പറ്റിയുള്ള ജനവികാരവും ആ കണ്ണാടിയിൽ പ്രതിഫലിക്കും. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ വേണം പ്രസ്ഥാനം അതിന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ള പടയോട്ടങ്ങൾക്ക് രൂപം നല്കാൻ.
രാഷ്ട്രീയ ബോധവുും ആശയ വ്യക്തതയും പ്രവർത്തന സന്നദ്ധതയും എല്ലാം കൂടി ചേർന്ന ഒരു കർമ്മ പദ്ധതിയിലൂടെ വേണം നമ്മുടെ മുന്നേറ്റത്തിന്റെ പാത തെളിക്കാൻ. ജനങ്ങളിലേക്ക് പോകാനുും അവരിൽ നിന്നും പാഠം പഠിക്കാനുമുള്ള കമ്മ്യൂണിസ്റ്റ് കർത്തവ്യം ഈ സന്ദർഭത്തിൽ നാം മറക്കരുത്" ബിനോയ് വിശ്വം കത്തിൽ പറഞ്ഞു.
ഒരു തോൽവിയും ഒരു വിജയവും ഒന്നിന്റെയുും അവസാനമല്ല. രാഷ്ട്രീയ ജീവിതത്തിൽ വിജയം പോലെ തന്നെ സ്വാഭാവികമാണ് പരാജയവും. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി അവയെ തിരുത്തി മുന്നേറുമ്പോഴാണ് ഇടതുപക്ഷം അതിന്റെ ജൈവിക മഹത്വം വീണ്ടെടുക്കുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.