/sathyam/media/media_files/2025/01/02/YcCaQcOnEEFLGLTNhPN4.jpg)
തിരുവനന്തപുരം: ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല
ബിനോയ് വിശ്വം പറയുന്നത് ആരും കണക്കിലെടുക്കേണ്ടതില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ്. എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപിഐയുടെ എം.എന്‍. സ്മാരക മന്ദിരത്തില്‍ വച്ച് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വായടപ്പിച്ചു. അതിനുശേഷം പുള്ളി വാ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിന്റെ വാക്കിനെ ആരും വില കല്‍പ്പിക്കുന്നില്ല. ഇപ്പോഴത്തെ സിപിഐക്ക് ആര്‍ജ്ജവമോ തന്റേടമോ ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വിചാരിച്ചാല്‍ അരമണിക്കുര്‍ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാ വര്‍ക്കര്‍മാരുടെതെന്ന് രമേശ് ചെന്നിത്തല. അവരുടെ പ്രയാസങ്ങള്‍ എന്തെന്ന് അറിയണം. അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി അവരെ വിളിക്കണം.
ഓണറേറിയം വര്‍ദ്ധിപ്പിക്കണം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൊടുക്കണം. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആര്‍ക്കാണ് ജീവിക്കാന്‍ കഴിയുക? മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗര്‍ഭാഗ്യകരമാണ്. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത്, വാരിക്കോരി കൊടുക്കേണ്ട, വയര്‍ നിറയ്ക്കാനുള്ളത് കൊടുത്താല്‍ മതി. ക്രൂരതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും. പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിനെ അതേ അര്‍ത്ഥത്തില്‍ ഞങ്ങളും ആശാ വര്‍ക്കര്‍മാരും ചേര്‍ന്ന് നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരം പട്ടിണി കിടക്കുന്നവരുടെ സമരമാണ്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നില്‍ക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഒരു രാഷ്ടീയവും ഇതിലില്ല. സര്‍ക്കാര്‍ വക്കീലന്മാര്‍ക്കും പി.എസ്.സി. അംഗങ്ങള്‍ക്കും വാരിക്കോരി കൊടുക്കുമ്പോള്‍ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല പറഞ്ഞു.