/sathyam/media/media_files/zk4ZLRcR2dnkHrrBRVWt.jpg)
തിരുവനന്തപുരം: കെ.ഇ.ഇസ്മയിലിനെ പരോക്ഷമായി കുത്തി പാർട്ടി മുഖമാസികയായ നവയുഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടിക്ക് വിധേയരായ ചിലർ സംഘടിതമായി സമാന്തര പ്രവർത്തനം നടത്തുന്നതിനെ വെളളപൂശുന്നു എന്നതാണ് ഇസ്മയിലിനെ ലക്ഷ്യം വെച്ചുളള വിമർശനം.
സ്വന്തം ഘടകങ്ങളിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ അവിടെത്തന്നെയാണ് ഉന്നയിക്കേണ്ടത്. അത് ഏറ്റവും പ്രാഥമികമായ കമ്മ്യൂണിസ്റ്റ് സംഘടനാതത്വമാണ്. അത് അറിയാത്തവർ പാർട്ടിയെ രാഷ്ട്രീയശത്രുക്കളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കാനാണ് ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് സംഘടനാ തത്വം പഠിക്കേണ്ടത് പഴയതും പുതിയവരുമായ എല്ലാ പാർട്ടി അംഗങ്ങളുടെയും കടമയാണ് എന്നാണ് ബിനോയ് വിശ്വം ഇസ്മയിലിനെ ഓർമ്മപ്പെടുത്തുന്നത്.
പാലക്കാട്ടെ ജില്ലാ നേതൃത്വത്തിൻെറ വൈരനിര്യാതന സമീപനത്തെ ചോദ്യം ചെയ്ത് പാലക്കാട്ടെ വലിയൊരു വിഭാഗം സി.പി.ഐ പ്രവർത്തകർ സമാന്തര ഘടകങ്ങൾ രൂപീകരിച്ച് മുന്നോട്ട് പോകുകയാണ്. പ്രശ്നം പരിഹരിക്കാൻ അവരുമായി ചർച്ചനടത്തണമെന്ന് ഇസ്മയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അതാണ് പാർട്ടി മുഖമാസികയിലെ ബ്രാഞ്ച് സെക്രട്ടറിമാർക്കുളള കുറിപ്പിൽ ഇസ്മയിലിനെ ലക്ഷ്യം വെച്ച് പരോക്ഷ വിമർശനം നടത്താൻ ബിനോയ് വിശ്വത്തെ പ്രേരിപ്പിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ ടെലിവിഷൻ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ഇസ്മയിലിന് എതിരെ പരസ്യമായും പ്രതികരിച്ചിരുന്നു. പാർട്ടി രീതി നേതാക്കൾ മറക്കരുതെന്നും അത് ഇസ്മയിലിനും ബാധകമാണെന്നുമായിരുന്നു അന്നത്തെ പ്രതികരണം. പാലക്കാടിനെ കൂടാതെ മലപ്പുറം, കൊല്ലം ജില്ലയിലെ കടയ്ക്കലിലും സി.പി.ഐ നേതൃത്വത്തോട് കലഹിച്ച് നിരവധി പേർ പാർട്ടി വിടുന്നുണ്ട്.
മുൻപ് ഒരുകാലത്തും ഇല്ലാത്ത വിധത്തിലുളള പ്രതിസന്ധിയാണ് സംസ്ഥാനത്തെ സി.പി.ഐ നേതൃത്വം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാൻ കഴിയുന്ന കരുത്തുറ്റ നേതൃത്വം പാർട്ടിക്കില്ലെന്ന തോന്നൽ ശക്തമാകുന്നതും വിഷയങ്ങളെ സങ്കീർണമാക്കുന്നുണ്ട്.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിൽ പോലും സംഘടനാ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ച നടക്കുന്നില്ലെന്ന വിമർശനം അതേ സമിതിയിലെ അംഗങ്ങൾക്ക് തന്നെയുണ്ട്. ഈ വിമർശനം കണക്കിലെടുത്താണ് സെപ്റ്റംബർ 5,6 തീയതികളിൽ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നത്.
നവയുഗത്തിലെ ബ്രാഞ്ച് സെക്രട്ടറിമാർക്കുളള സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പിൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന് എതിരായ പരോക്ഷവിമർശനത്തിനാണ് ഊന്നലെങ്കിലും സമൂഹ മാധ്യമങ്ങളിലെ ഇടപടെലിനെപറ്റിയുളള വിമർശനങ്ങളും അതിൻെറ ഭാഗമാണ്. അതും വിവിധ ജില്ലകളിലെ സമാന്തര പ്രവർത്തനവുമായി ബന്ധപ്പെട്ട് തന്നെ.
നവമാധ്യമങ്ങൾ രണ്ടുതലയ്ക്കും മൂർച്ചയുളള വാളാണെന്ന സത്യം വേണ്ട വിധം മനസിലാക്കാൻ പല സഖാക്കൾക്കും കഴിയതെ പോകുകയാണെന്ന് ബിനോയ് വിശ്വം നവയുഗത്തിലെ കുറിപ്പിൽ പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ഡിജിറ്റല്‍ മീഡിയയിലെ തങ്ങളുടെ സാന്നിദ്ധധ്യവും പ്രാവീണ്യവും പാർട്ടിയുടെ ആശയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ അത്തരം സഖാക്കൾക്ക് കഴിയുന്നില്ല. അവരിൽ ചിലരുടെ ബോധപൂർവ്വമോ അല്ലാതെയോ ഉള്ള ചില ഇടപെടലുകൾ പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
പാർട്ടി താൽപര്യങ്ങൾക്ക് വിപരീതമായ രീതിയിൽ നവമാധ്യമങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ തെറ്റാണെന്ന് വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. അത്തരക്കാരെ തിരുത്തണമെന്നനും, തിരുത്താത്തപക്ഷം അവർക്കെതിരേ കർശനമായ നടപടി എടുക്കണമെന്നനും പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.
''എന്നിട്ടും ഇതൊന്നും മനസിലാകാത്തവരെ പോലെയാണ് ചില സഖാക്കൾ പെരുമാറുന്നത്. പാർട്ടി എന്താണെന്ന് അറിയാത്ത ഏതാനുും പേർ പാർട്ടി കാർഡ് കത്തിച്ചു ആഘോഷിച്ചപ്പോഴുും ബിജെപിയിൽ ചേർന്നപ്പോഴും നമ്മളുമായി ബന്ധപ്പെട്ട ചില സഖാക്കൾ അതിന് കൊടുത്ത പ്രാധാന്യം ശ്രദ്ധിക്കേണ്ടേതാണ്. അത്തരക്കാരുടെ കൂറ് പാർട്ടിയോോട് തന്നെയാണോ ? നടപടിക്കു വിധേയരായ ചിലർ സംഘടിതമായ സമാന്തര പ്രവർ ത്തനം നടത്തുന്നതിനെ നമ്മുടെ ചില സഖാക്കൾ വെള്ള പൂശുന്നതുും ഈ ദിനങ്ങളിൽ നാം കണ്ടു''. ബിനോയ് വിശ്വം നവയുഗത്തിൽ കുറിച്ചു.
സമാന്തര പ്രവർത്തനങ്ങൾക്ക് പാർട്ടി നേതൃത്വത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന പാർട്ടി പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എതിരായ മുന്നറിയിപ്പാണ് ബിനോയ് വിശ്വത്തിൻെറ ഈ കുറിപ്പ്.