തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റെ നിലപാടുകള്‍ സ്വന്തം പാര്‍ട്ടി അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം.
മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലിനെതിരെ നടപടി സ്വീകരിച്ചതോടെ ബിനോയ് വിശ്വത്തെയും അനുകൂലിക്കുന്ന നേതാക്കളെയും ലക്ഷ്യം വെച്ചുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയില്‍ സജീവമാവുകയാണ്.
ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ഉയര്‍ന്നു വന്ന മാസപ്പടി കേസുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ പ്രസ്താവന പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പിനും പുറത്തു വലിയ പരിഹാസത്തിനുമാണ് വഴി തുറന്നത്.
/sathyam/media/media_files/2025/02/22/yIMdDz0xBvy3Jz22O4yH.jpg)
മകള്‍ക്കെതിരായ കേസിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഈ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് വഴി വെച്ചത്.
സിപിഐ സംസ്ഥാനതല പ്രവര്‍ത്തക കണ്‍വെന്‍ഷനും പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ 68-ാം വാര്‍ഷികാഘോഷവും തൃശൂരില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ചിലരുടെ ആസൂത്രിത ശ്രമമെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും മൂന്നാം ഊഴമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് എന്നത് വെറും ഒരു പക്ഷമല്ല. അതുമാത്രമാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും ബിനോയ് പറഞ്ഞിരുന്നു.
ഭൂപരിഷ്‌കരണം ഉള്‍പ്പെടെ കേരളത്തിന്റെ വലിയ മുന്നേറ്റങ്ങള്‍ക്ക് മഹാ ശക്തിയായിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സി അച്യുതമേനോനുമായിരുന്നു.
/sathyam/media/media_files/2025/02/23/4fbYifY08LGt8Fvn8MMx.jpg)
1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മാനിഫെസ്റ്റോ എഴുതി തയ്യാറാക്കിയത് അച്യുതമേനോന്‍ ആയിരുന്നു. ഏതു ഭിന്നിപ്പിലും അച്യുതമേനോന്റെ പേര് മറക്കരുത്. അത് ചരിത്രപരമായും രാഷ്ട്രീയമായും തെറ്റാണ്. ചരിത്രത്തെയും സത്യത്തെയും എന്നും മാനിക്കുന്ന പ്രസ്ഥാനമാണ് സിപിഐ.
അതുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന് തയ്യാറാക്കിയ പ്രചരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. ഭിന്നിപ്പു കൊണ്ട് സത്യം ഇല്ലാതാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സി അച്യുതമേനോനെ ഒരു കാലത്തും പ്രസംഗത്തില്‍ പോലും പരാമര്‍ശിക്കാത്ത പിണറായിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രസ്താവന തല മറന്നുള്ള എണ്ണ തേക്കലാണെന്നും സി കെ ചന്ദ്രപ്പനും വെളിയം ഭാര്‍ഗവനും ഇരുന്ന കസേരയിലിരുന്ന് ഇങ്ങനെ നട്ടെല്ലില്ലാത്ത നിലപാട് സ്വീകരിക്കരുതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി അണികളടക്കം നടത്തുന്ന പ്രതികരണം.
തരം കിട്ടിയാല്‍ സിപിഐയെ കുറ്റപ്പെടുത്താനും പരിഹസിക്കാനും നോക്കുന്ന സിപിഎമ്മിലെ, ഒരു അഴിമതിയാരോപണ വിഷയത്തില്‍ ചാടി ക്കേറി പ്രസ്താവന നടത്തേണ്ടിയിരുന്നില്ല എന്നാണ് ഒരു വിഭാഗം നേതാക്കളുടെയും അഭിപ്രായം.