വിശ്വാസിയിൽ നിന്ന് അവിശ്വാസിയും പിന്നീട് കമ്മ്യൂണിസ്റ്റുമായ വഴികൾ ഓർത്തെടുത്ത് ബിനോയ്‌ വിശ്വം

ഞാൻ മതവിശ്വാസി അല്ലെന്ന് ഏത് മതയോഗത്തിലും പറയാറുണ്ട്. എന്നാൽ ഈശ്വര വിശ്വാസം വെടിഞ്ഞപ്പോഴും ഞാൻ വിശ്വാസികളെ ശത്രുവായിട്ട് ഒരിക്കലും കണ്ടിട്ടില്ല,'' ബിനോയ് വിശ്വം പങ്കുവെച്ചു.

New Update
bonoy viswam international book fare

തിരുവനന്തപുരം: അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് എന്നും ക്ഷേത്രദർശനം നടത്തിയിരുന്ന, അമ്മൂമ്മയുടെ കൂടെയിരുന്ന് നാമം ജപിക്കുകയും മഹാഭാരത കഥകൾ കേൾക്കുകയും ചെയ്തിരുന്ന കുട്ടിയിൽ  നിന്ന് അവിശ്വാസിയും പിന്നീട് കമ്മ്യൂണിസ്റ്റുമായ വഴികൾ ഓർത്തെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.

Advertisment

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ  ഡയലോഗ്സ് സെഷനിൽ 'വായനയുടെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ വായന' വിഷയത്തിൽ മാധ്യമ പ്രവർത്തക ആര്യ പി നായരുമായി സംവദിക്കവെയാണ് ബിനോയ്‌ വിശ്വം തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെട്ട വഴികളെക്കുറിച്ച് പറഞ്ഞത്. 

''ആറാം ക്ലാസ് വരെ ഞാൻ ദൈവത്തിന്റെ ആളായിരുന്നു. പക്ഷേ ഏഴാം ക്ലാസ്സായപ്പോഴേക്കും പതുക്കെ മാറി. വിശ്വാസിയല്ലാതായി. ആ മാറ്റത്തിന് പിന്നിൽ വായന വലിയ ഘടകമായിരുന്നു. വായനയാണ് പുതിയ ലോകത്തെ പറ്റിയും പുതിയ അറിവുകളെ പറ്റിയും ചിന്തിക്കാനും അറിയാനും സഹായിച്ചത്. ഞാനൊരു ഭൗതികവാദിയാണെന്ന് പറയാൻ ഒരു മടിയുമില്ല.

ഞാൻ മതവിശ്വാസി അല്ലെന്ന് ഏത് മതയോഗത്തിലും പറയാറുണ്ട്. എന്നാൽ ഈശ്വര വിശ്വാസം വെടിഞ്ഞപ്പോഴും ഞാൻ വിശ്വാസികളെ ശത്രുവായിട്ട് ഒരിക്കലും കണ്ടിട്ടില്ല,'' ബിനോയ് വിശ്വം പങ്കുവെച്ചു.

തന്റെ പിതാവായ സി കെ വിശ്വനാഥൻ ആരോരുമില്ലാത്ത മനുഷ്യർക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ വളരെ വലുതാണെന്ന് ബിനോയ് വിശ്വം ഓർത്തെടുത്തു. തന്റെ അച്ഛന് പോലീസിന്റെ മർദ്ദനമേൽക്കേണ്ടി വന്നതും വർഷങ്ങളോളം ഒളിവിൽ കഴിയേണ്ടി വന്നതും ഒരു വലിയ ശരിക്ക് വേണ്ടി നിലകൊണ്ടതിനാലാണെന്ന് കുട്ടിയായിരുന്നപ്പോഴേ താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും ആ ശരിക്കൊപ്പം നിൽക്കണമെന്ന തോന്നലാണ് തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഈ ശരിയുടെ ആദ്യത്തെ വിത്ത് തന്റെ മനസ്സിൽ പാകിയത് അമ്മമ്മയാണെന്നും പിന്നീട് രാഷ്ട്രീയ ബോധം വന്നപ്പോൾ ഈ ശരിക്ക് വേണ്ടി സമരം ചെയ്യാനും മറ്റുള്ളവരെ ഇതിന്റെ ഭാഗമാക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

എത്ര പ്രതിസന്ധി വന്നാലും എടുത്ത നിലപാടിൽ ഉറച്ചു നിൽക്കണം എന്നുള്ള ബോധ്യത്തിന് പിന്നിലെ ധൈര്യം എന്താണെന്ന ചോദ്യത്തിന് അത് നിലപാടിന്റെ ധൈര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എടുക്കുന്ന നിലപാടുകളിൽ ഉറച്ചു നിൽക്കുക എന്നത് വലിയൊരു ധാർമ്മിക ബലമാണ്. അതിനകത്ത് വെള്ളം ചേർക്കാൻ പാടില്ല. 

ഞാൻ വലിയ ആളൊന്നുമല്ല, പക്ഷെ ഞാൻ നിലപാടുള്ളവനാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ആശയങ്ങളെ പറ്റി ബോധ്യമുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു. 

പുത്തൻ ചരിത്രം മുഴുവനും കേന്ദ്ര അധികാരത്തിന്റെ കീഴിൽ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കപ്പെട്ട് സത്യത്തിൽ നിന്ന് ബഹുദൂരം മാറിപ്പോയിരിക്കുന്നു. വായനയുടെ രാഷ്ട്രീയത്തെ ബോധപൂർവം മാറ്റിക്കൊണ്ടുപോകുകയാണെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. താനൊരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയ പ്രവർത്തകനാണെന്ന് അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയത്തിലെ ഇന്നത്തെ മൂല്യച്യുതിക്ക് കാരണം രാഷ്ട്രീയ പ്രവർത്തകരെ രാഷ്ട്രീയക്കാർ കീഴ്പ്പെടുത്തിയതാണെന്നും രാഷ്ട്രീയം പ്രവർത്തനത്തെ തിരിച്ചുപിടിച്ചാൽ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേർത്തു.

Advertisment