Advertisment

കോവിഡിനും നിപ്പയ്ക്കും പിന്നാലെ കേരളത്തെ വിറപ്പിക്കാൻ പക്ഷിപ്പനി; താറാവിൽ നിന്നും കോഴിയിൽ നിന്നും മനുഷ്യരിലേക്ക് പകരാം; ബംഗാളിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യമന്ത്രി; ചത്ത പക്ഷികളെ കൈകൊണ്ട് തൊടരുതെന്ന് വിലക്കുമായി സർക്കാർ; ബ്രോയിലർ കോഴിയിലും താറാവിലും പക്ഷികളിലും പക്ഷിപ്പനി വ്യാപിച്ചതോടെ ഭീതിയേറുന്നു; പക്ഷിപ്പനി മനുഷ്യരിൽ എത്തുന്നത് തടയാൻ പ്രതിരോധ കോട്ട കെട്ടാൻ സർക്കാർ

കോവിഡിനും നിപ്പയ്ക്കും പിന്നാലെ കേരളത്തെ വിറപ്പിക്കുന്ന അടുത്ത മഹാമാരി പക്ഷിപ്പനിയാവുമോ ? ആ ഭീതിയിലാണ് ശാസ്ത്രലോകം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇന്ന് നിയമസഭയിൽ പറഞ്ഞു

New Update
bird flu

തിരുവനന്തപുരം: കോവിഡിനും നിപ്പയ്ക്കും പിന്നാലെ കേരളത്തെ വിറപ്പിക്കുന്ന അടുത്ത മഹാമാരി പക്ഷിപ്പനിയാവുമോ ? ആ ഭീതിയിലാണ് ശാസ്ത്രലോകം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇന്ന് നിയമസഭയിൽ പറഞ്ഞു.

Advertisment

പശ്ചിമ ബംഗാളിൽ ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത പക്ഷികളെ കൈകൊണ്ട് തൊടരുത് എന്നതടക്കം മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഭാവിയിൽ മനുഷ്യരിലേക്ക് പടരുന്നത് ഗുരുതരമാവുമെന്ന മുന്നറിയിപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്രോയിലർ കോഴിയിലും താറാവിലും പക്ഷികളിലും പക്ഷിപ്പനി വ്യാപിച്ചതായി മന്ത്രി പി. പ്രസാദും വ്യക്തമാക്കി. ഇതോടെ പക്ഷിപ്പനിയുടെ ഭീകരത കൂടുതൽ വലുതാവുകയാണ്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് തടയാൻ കർശന നടപടിയെടുത്തിരിക്കുകയാണ്‌ സർക്കാർ.  രോഗവ്യാപനം തടയാൻ വിദഗ്ദ്ധരുൾപ്പെട്ട സമിതിയുണ്ടാക്കി. പ്രദേശത്തെ എല്ലാ പൗൾട്രി ഫാമുകളും അടച്ചുപൂട്ടി. ഒരു വർഷം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു.

 അവിടേക്ക് പക്ഷികളെ പുറമെ നിന്ന് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോകാനോ അനുവദിക്കില്ല. ദേശാടന പക്ഷികളിൽ നിന്നാണ് രോഗം പകരുന്നത്. സംസ്ഥാനത്ത് 37 പ്രഭവ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 62334 പക്ഷികൾ ചത്തതായാണ് കണക്ക്. എച്ച്5എൻ1 വൈറസിന്റെ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. 1,57,850 പക്ഷികളെ കൊന്നു. കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകും. വാക്സിനേഷൻ അടക്കം പരിഗണനയിലുണ്ട്.- മന്ത്രി പ്രസാദ് വ്യക്തമാക്കി.

ദേശാടന പക്ഷികളിൽ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വിൽപനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ  അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള  മറ്റു വസ്തുക്കളും  ശാസ്ത്രീയമായി  സംസ്‌കരിക്കാത്തത് മൂലം അവയിൽ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഒരു ഫാമിൽ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗം ബാധിച്ച കാക്കകൾ മുഖേനയും പക്ഷിപ്പനി പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വനങ്ങളിൽ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽ നിന്നും നാട്ടിലെ  താറാവുകളിലേക്കും മറ്റു കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന  ബ്രോയിലർ  കോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. വൈറസിന്റെ വിശദമായ ജനിതക പഠനം നടത്തണമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.


 പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും  2021 ലെ  ദേശീയ  കർമ്മ പദ്ധതി  കർശനമായി പാലിക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചു.


 പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപ്പനയും കടത്തും (അകത്തോട്ടും പുറത്തോട്ടും)  2025 മാർച്ച് അവസാനം വരെ നിരോധിക്കണം. നിരീക്ഷണ മേഖലയിലുള്ള  സർക്കാർ  ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ 2025 മാർച്ച് അവസാനം വരെ അടച്ചിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ  രീതിയിലും  ശാസ്ത്രീയമായും സംസ്‌കരിക്കണം. 2025 മാർച്ച് അവസാനം വരെ കുട്ടനാട് മേഖലയിൽ എല്ലാ മാസവും സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ   ലൈസൻസ് നിർബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന  മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും  പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്‌ക്രീനിങ് നടത്തണം. പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം.

ഒരു താറാവു വളർത്തൽ  കേന്ദ്രത്തിൽ 3000 മുതൽ 5000 വരെ എണ്ണത്തിനെ മാത്രം വളർത്താൻ അനുമതി നൽകുക. ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉൾക്കൊള്ളാൻ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തണം. അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി, താറാവ് ഇറച്ചി സംസ്‌കരണത്തിന് ലൈസൻസ് നൽകണം. കോഴി / താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണമെന്നും സമിതി ശുപാർശ ചെയ്തു.

Advertisment