കോഴിക്കോട്: ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പൊതികള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍. പേരാമ്പ്ര എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കെ.കെ. മുഹമ്മദ് ഷമീം(39) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്തു വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എരവട്ടൂരിലെ ഷമീം നടത്തിയിരുന്ന സ്ഥാപനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പാക്കിംഗ് കണ്ടെത്തിയത്.
ഇയാള്‍ എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഷമീമിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.