/sathyam/media/media_files/2025/09/17/untitled-2025-09-17-09-31-11.jpg)
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി തൊടുപുഴ മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ കുർബാനയും കേക്ക് മുറിക്കലും ഒരുക്കാൻ ബി.ജെ.പിയുടെ ശ്രമം.
പരിപാടിക്ക് പള്ളിയുടെ പടം വെച്ചു നോട്ടീസും ഒരുക്കി പ്രചാരണവും നടത്തി. എന്നാൽ, ഇന്നു രാവിലെ നടന്ന കുർബാനക്കിടെ പള്ളി വികാരി ഫാ സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പരിപാടിയുമായി പള്ളിക്കു ബന്ധമില്ലെന്ന് അറിയിച്ചതോടെ ബി.ജെ.പി നേതാക്കൾ വെട്ടിലായി.
പള്ളിയെ രാഷ്ട്രിയ വൽക്കരിക്കാൻ നടത്തിയ നീക്കത്തേയും വികാരിയച്ചൻ വിമർശിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികൾക്ക് പള്ളി വേദിയാക്കുന്നതിനോട് സഭയ്ക്ക് യോജിപ്പില്ലെന്നും പള്ളി വികാരി തുറന്നു പറഞ്ഞു.
ബി.ജെ.പി ന്യൂനപക്ഷമോർച്ച ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയത്.
രാവിലെ 7ന് നടക്കുന്ന കുർബാനയിലും പിന്നീട് നടക്കുന്ന കേക്ക് മുറിക്കൽ ചടങ്ങിലും പങ്കെടുക്കാൻ ബി.ജെ.പി. ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു , ബി.ജെ.പി. ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ്റ് പി.പി. സാനു, ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി സോജൻ ജോസഫ്, മേഖല സെക്രട്ടറി വി.എൻ.സുരേഷ് എന്നിവർ പള്ളി പരിസരത്ത് എത്തിയിരുന്നു.
എന്നാൽ, പള്ളി വികാരി എതിർപ്പ് പ്രകടിപ്പിച്ചതോടെ കേക്ക് മുറിക്കൽ നടത്താൻ നേതാക്കൾക്കായില്ല. ഒടുവിൽ മെഴുകുതിരി കത്തിച്ചു നേതാക്കൾ മടങ്ങുകയായിരുന്നു. പള്ളിയിലേക്ക് വരുകയായുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ്ജും സംഭവമറിഞ്ഞ് മടങ്ങി പോയി.
കുർബാനയ്ക്കു പണം നൽകാൻ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ വിശ്വാസികളും കടുത്ത പ്രതിഷേധത്തിലാണ്. ബി.ജെ.പി സംഘത്തോടൊപ്പം പള്ളി ക്വയർ ഗ്രൂപ്പിലെ ഒരു അംഗവും ഉണ്ടായിരുന്നു.
ഇയാളുടെ ഇടപെടലും ഇങ്ങനെ ഒരു പരിപാടി പള്ളിയിൽ നടത്താൻ തീരുമാനിച്ചതിനു പിന്നിൽ ഉണ്ടെന്നു വിശ്വാസികൾ ആരോപിച്ചു. ക്വയർ ഗ്രൂപ്പിൽ നിന്ന് ഇയാളെ നീക്കം ചെയ്യണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
അതെസമയം പള്ളിയില്‍ കുര്‍ബാനയ്ക്ക് പണം നല്‍കാന്‍ മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന വിശദീകരണം.