തിരുവനന്തപുരം: ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി മുനമ്പം സമരസമിതി. കേന്ദ്രമന്ത്രി കിരണ്‍ റിജുജു മുനമ്പത്തേക്ക് വെറുംകൈയോടെ വരേണ്ടതില്ലെന്ന് സമരസമിതി നേതാവ് ഫാ. ജോഷി മയ്യാറ്റില്‍ വ്യക്തമാക്കി.
കിരണ്‍ റിജിജു ചൊവ്വാഴ്ചയാണ് മുനമ്പത്ത് എത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും തുരങ്കം വച്ചുകൊണ്ട് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതില്‍ നേതൃത്വം വഹിച്ചയാള്‍ എന്ന നിലയില്‍ അദ്ദേഹം വലിയ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ജോഷി മയ്യാറ്റില്‍ വ്യക്തമാക്കി.
ഭേദഗതിയെ സംബന്ധിച്ച് സമ്മിശ്രങ്ങളായ പ്രതികരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതിനെതിരേ സുപ്രീം കോടതിയില്‍ അനേകം കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നു കേള്‍ക്കുന്നു. പതിനാറാം തീയതി അവ കോടതി പരിഗണിക്കും എന്നും കേള്‍ക്കുന്നു.
മുനമ്പംകാര്‍ക്ക് ഈ ഭേദഗതിയില്‍ എങ്ങനെയാണ് പരിഹാരം എന്ന ചോദ്യമാണ് ഇപ്പോള്‍ കേരളമെങ്ങും ഉയരുന്നത്. ഭേദഗതിയുടെ ഫലദായകത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം ചര്‍ച്ചകള്‍ പല തലങ്ങളിലായി നടക്കുന്നുണ്ട്. ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയാകുന്നുണ്ടെന്ന് ജോഷി മയ്യാറ്റില്‍ ചൂണ്ടിക്കാട്ടി.
നിയമമന്ത്രിയുടെ മുനമ്പം സന്ദര്‍ശനം വെറും രാഷ്ട്രീയ നാടകമായി മാറാതിരിക്കാനുള്ള വിവേകം ബിജെപി കാണിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചതികള്‍ നിരവധി ഏറ്റുവാങ്ങിക്കഴിഞ്ഞ മുനമ്പംകാര്‍ക്ക് മറ്റൊന്നു കൂടി താങ്ങാനുള്ള ആവതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനാല്‍, മുനമ്പത്തിന്റെ ശാശ്വത പരിഹാരത്തിനായി ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സെക്ഷനുകള്‍ ഏതൊക്കെയെന്നും അവയുടെ ഉള്ളടക്കം എന്തൊക്കെയെന്നും അവ പ്രദാനം ചെയ്യുന്ന പരിഹാരം എങ്ങനെയൊക്കെയെന്നും സംശയത്തിനിടയില്ലാത്ത വിധം നിയമകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി നടത്താന്‍ ഒരുക്കവും മനസ്സും ഉണ്ടെങ്കില്‍ മാത്രം കിരണ്‍ റിജിജു മുനമ്പത്ത് വന്നാല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.