/sathyam/media/media_files/2025/05/22/qEoRturCsGOJcrBvIx9B.jpg)
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി കൃത്യതയാര്‍ന്ന ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 23000 വാര്‍ഡുകളില്‍ മത്സരിക്കുന്നതിലൂടെ വോട്ട് വിഹിതം 25% ല്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി പൊതുസ്വതന്ത്രരെയും പ്രാദേശികമായി സ്വീകാര്യതയുള്ളവരെയും വനിതകളെയും മികച്ച പ്രതിച്ഛായയുള്ളവരെയും തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കും.
പരമാവധി വിജയ സാദ്ധ്യത ഉറപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 25 ശതമാനത്തിലെത്തിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുപ്പത് ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
അങ്ങനെയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കാമെന്നാണ് കണക്കുകൂട്ടല്‍. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ 11 ശതമാനം വോട്ട് ആയിരുന്നത് 2019 ല്‍ 16 ശതമാനവും 2024 ല്‍ 20 ശതമാനവും ആക്കി വര്‍ദ്ധിപ്പിക്കാനായിരുന്നു. ഇത്തവണ രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാല്‍ വോട്ടുവിഹിതം ഉയര്‍ത്തുകയും പരമാവധി സീറ്റുകള്‍ വിജയിക്കുകയുമാണ് ലക്ഷ്യം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം അടക്കം 9 മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാമതെത്തിയത്. 2016ല്‍ രണ്ടാമതെത്തിയ 7 മണ്ഡലങ്ങളില്‍ ഗണ്യമായി വോട്ടുകൂടി.
വട്ടിയൂര്‍കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. എട്ടിടത്ത് 40000ല്‍ ഏറെ വോട്ടുകിട്ടി. 2016ല്‍ നേമം അടക്കം മൂന്നിടത്തു മാത്രമായിരുന്നു അമ്പതിനായിരത്തിലേറെ വോട്ടുകിട്ടിയത്.
പക്ഷേ 2021ല്‍ നേമം, മഞ്ചേശ്വരം, കാസര്‍കോട്, മലമ്പുഴ, പാലക്കാട്, തൃശൂര്‍, ചാത്തന്നൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളില്‍ നാല്‍പ്പതിനായിരത്തിന് മുകളിലായിരുന്നു വോട്ട്. 17മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് മുപ്പതിനായിരത്തിലേറെ വോട്ടുകിട്ടി.
2021ല്‍ മഞ്ചേശ്വരത്ത് കേവലം 745വോട്ടിനാണ് കെ.സുരേന്ദ്രന്‍ ലീഗിലെ എ.കെ.എം. അഷ്‌റഫിനോട് പരാജയപ്പെട്ടത്. 2016ല്‍ അവിടെ 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വന്‍തോതില്‍ സി.പി.എം ലീഗിന് വോട്ടുമറിക്കുന്നെന്നാണ് ബിജെപിയുടെ ആരോപണം. കാസര്‍കോട്ട് 12901 വോട്ടിനും പാലക്കാട്ട് 3859വോട്ടിനുമാണ് ബിജെപി പരാജയപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥിതി ഇതിലും വ്യത്യസ്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപിക്ക് മികച്ച നേട്ടമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്.തിരുവനന്തപുരം, ആറ്റിങ്ങള്‍ മണ്ഡലങ്ങള്‍ പതിനാറായിരത്തോളം വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.
22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂര്‍ക്കാവ് (8162), കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692), ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി. 8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് രണ്ടാമത് എത്തിയത്. കേരളത്തിന്റെ ഭരണം എന്നത് ബിജെപിക്ക് അപ്രാപ്യമല്ലെന്ന തിരിച്ചറിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ആഞ്ഞുപിടിച്ചാല്‍ 20 സീറ്റുകളില്‍ വരെ ബി.ജെ.പിക്ക് ജയിക്കാമെന്ന സ്ഥിതിയാണ്. മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. താമര ചിഹ്നത്തില്‍ ഇതാദ്യമായി ലോക്‌സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് ബി.ജെ.പിക്ക് ഊര്‍ജ്ജമായിട്ടുണ്ട്.
തിരുവനന്തപുരത്തും ആലപ്പുഴയിലും ആറ്റിങ്ങലിലും കാസര്‍കോട്ടും പാലക്കാട്ടും ബി.ജെ.പിക്ക് വന്‍ വളര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടിയിരുന്നു. ആറ്റിങ്ങളില്‍ 31 ശതമാനവും ആലപ്പുഴയില്‍ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു.
പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. തൃശൂരിലും പത്തനംതിട്ടയിലുമടക്കം ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളും നേടാനായി. ഇത്തവണയും ക്രൈസ്തവ വോട്ടുകള്‍ വന്‍തോതില്‍ ആകര്‍ഷിക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക.
2019 നെ അപേക്ഷിച്ച് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ചാലക്കുടി ഒഴികെ എല്ലാ മണ്ഡലങ്ങളിലും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്‍ഡിഎക്ക് സാധിച്ചു.
ഒന്നാം സ്ഥാനത്തെത്തിയ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, കാട്ടാക്കട, തൃശ്ശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ മണ്ഡലങ്ങളില്‍ ഏതുവിധേനയും വിജയം ഉറപ്പാക്കാനായിരിക്കും പ്രഥമ പരിഗണനയും ശ്രമവും. ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ 8 നിയമസഭാ മണ്ഡലങ്ങളിലും ആഞ്ഞുപിടിച്ചാല്‍ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.
ആ മണ്ഡലങ്ങള്‍ ഇവയാണ്- തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി പത്തുമാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ബി.ജെ.പി തുടക്കമിട്ടു കഴിഞ്ഞു. ബി.ജെ.പി.'മാറാത്തത് ഇനി മാറും' മുദ്രാവാക്യവുമായിട്ടായിരിക്കും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
വികസിത കേരളമാണ് ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ ന്യൂനപക്ഷ വിരുദ്ധ സമീപനവും കമ്മ്യൂണിസ്റ്റ് അക്രമവിരുദ്ധ പ്രചരണവും ശബരിമലയും ഇടതുവലതുമുന്നണികളുടെ ന്യൂനപക്ഷ പ്രീണനവും ലൗജിഹാദുമൊന്നും ഇത്തവണയില്ല.
പകരം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് കേന്ദ്രസഹായത്തോടെ കരകയറാന്‍ ബി.ജെ.പി.ഭരണം മാത്രമാണ് പോംവഴിയെന്ന സന്ദേശമാണ്.
വര്‍ഗ്ഗീയത വിളയാത്ത മണ്ണില്‍ വികസനം നട്ട് വിളവെടുക്കാനാണ് പാര്‍ട്ടിയുടെ പുതിയ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുന്നത് സംസ്ഥാന ഭരണത്തിലേക്കുള്ള ആദ്യചുവടാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. പത്ത് നഗരസഭകളിലെങ്കിലും ഭരണം പിടിക്കണമെന്നാണ് അമിത്ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
23,000 ത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നത് വിജയിക്കാനാണ്. ഒരു ലക്ഷം പേര്‍ അതിനായി വിവിധ തലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നു- ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.