കേരളത്തിലെ ബി.ജെ.പി പട്ടിക പൂ‍ർണമായും കേന്ദ്രനേതൃത്വത്തിൻെറ തീരുമാനം. സംസ്ഥാന നേതൃത്വത്തിൻെറ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല. ദേശിയ നേതൃത്വം പ്രധാനമായും ആശ്രയിച്ചത് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ സർവേ റിപ്പോർട്ട്. കണ്ടു മടുത്തതും ഓടിത്തളർന്നവരുമായ നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നതും സർവേ റിപോ‍ർട്ട് പരിഗണിച്ചുതന്നെ

New Update
G

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വത്തിൻെറ അഭിപ്രായം കണക്കിലെടുക്കാതെ. സംസ്ഥാന നേതൃത്വം നിയോഗിച്ച നേതാക്കൾ ഓരോ ജില്ലയിലെയും പാ‍‍ർട്ടി കമ്മിറ്റികളോട് അതാത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നെങ്കിലും അവർ നിർദ്ദേശിച്ച സ്ഥാനാർത്ഥികളാരും അന്തിമ പട്ടികയിൽ ഇടം പിടിച്ചില്ല.

Advertisment

ജില്ലകളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേതാക്കൾ റിപ്പോ‍ർട്ടായി സമർപ്പിച്ചെങ്കിലും അതൊന്നും കണക്കിലെടുത്തിട്ടില്ലെന്നാണ് തീരുമാനം വന്നപ്പോൾ വ്യക്തമാകുന്നത്. പത്തനംതിട്ട മണ്ഡലത്തിൽ ജില്ലാ നേതൃത്വം പി.സി. ജോർജിൻെറ പേര് നി‍ർദ്ദേശിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻെറ നേതൃത്വത്തിലുളള സംഘമാണ് പത്തനംതിട്ട ജില്ലാ ഘടകത്തിൻെറ അഭിപ്രായം ആരായാൻ പോയത്.

publive-image

പാ‍ർട്ടിയുടെ ദേശീയ നേതൃത്വം വിവിധ ഏജൻസികളെ നിയോഗിച്ച് പലവട്ടം സ‍ർവേകളും പഠനങ്ങളും നടത്തിയ ശേഷമാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. സ്വകാര്യ ഏജൻസികളും തിരഞ്ഞെടുപ്പ് വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് പഠനം നടത്തിയത്.


പ്രായം, ജനസ്വീകാര്യത, സാമുദായിക ഘടകങ്ങൾ, വിജയസാധ്യത എന്നിവയ്ക്ക് ഒപ്പം സർവേ റിപോ‍ർട്ടും കൂടി പരിഗണിച്ചാണ് ദേശിയ നേതൃത്വം സ്ഥാനാർത്ഥി നിർണയം നടത്തിയത്


ഉദാഹരണമായി പത്തനംതിട്ടയിൽ പാ‍ർട്ടി വക്താവ് അനിൽ ആൻറണിയെ മത്സരിപ്പിക്കാനുളള തീരുമാനത്തിൽ സംസ്ഥാന നേതൃത്വത്തിന് ഒരു പങ്കുമില്ല. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണിയുടെ മകനായ അനിൽ ആന്റണിയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനുളള തീരുമാനം പൂ‍ർണമായും കേന്ദ്ര നേതൃത്വത്തിൽ നിന്നായിരുന്നു.

ആന്റണിയുടെ മകനെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക വഴി കേരളത്തിലെ കോൺഗ്രസിന് പ്രഹരം ഏൽപ്പിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിൻെറ ഉന്നം. പി.സി. ജോർജിനെ മത്സരിപ്പിക്കുന്നതിനോട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസും എതിർപ്പ് പ്രകടിപ്പിച്ചതും അനിൽ ആന്റണിക്ക് അനുകൂലമായി ഭവിച്ചു.

എന്നാൽ മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽ നിന്നുളളവരായതിനാൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിനുണ്ട്. എന്നാൽ യുവാവ് എന്ന പരിഗണന എല്ലാ വിഭാഗം വോട്ടുകളും സമാഹരിക്കാൻ അനിൽ ആൻറണിയെ സഹായിക്കുമെന്നാണ് ദേശിയ നേതൃത്വം കണക്ക് കൂട്ടുന്നത്.


കണ്ടു പഴകിയ ഓടിത്തളർന്ന മുതിർന്ന നേതാക്കളെ മത്സരത്തിൽ നിന്ന് ഒഴിവാക്കാനുളള തീരുമാനവും ദേശിയ നേതൃത്വത്തിൻേറതാണ്


കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ് എന്നിവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് ഈ മാനദണ്ഡത്തിലാണ്. യുവാക്കളെയും പുതുമുഖങ്ങളെയും മത്സരിപ്പിച്ചാൽ നെഗറ്റീവ് കാമ്പയിൻ കുറയുമെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ച സർവേ റിപോ‍ർട്ടിലെ കണ്ടെത്തൽ.

വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കൊല്ലം മണ്ഡലത്തിലേക്കാണ് ദേശിയ നേതൃത്വം പരിഗണിച്ചത്. എന്നാൽ കൊല്ലത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രൻ താൽപര്യം പ്രകടിപ്പിച്ചില്ല . അതോടെയാണ് ശോഭയെ ആലപ്പുഴ സീറ്റിലേക്ക് പരിഗണിച്ചത്. പാർട്ടി വോട്ടുകൾ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ കൊല്ലം സീറ്റ് നിരസിച്ചത്.

publive-image

ആലപ്പുഴയിൽ ബലിദാനി രൺജിത്ത് ശ്രീനിവാസൻെറ ഭാര്യ ലിഷയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. പാ‍ർട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ചയാളിൻെറ ഭാര്യ, ധീവര സമുദായത്തിൽ നിന്നുളള രക്തസാക്ഷിയുടെ ഭാര്യ എന്നീ ഘടകങ്ങളാണ് ലിഷയെ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കാൻ ഇടയാക്കിയത്. എന്നാൽ തിരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് ലിഷ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതാണ് പകരം ശോഭാ സുരേന്ദ്രനെ ആലപ്പുഴ സീറ്റിലേക്ക് പരിഗണിക്കാൻ കാരണമായത്.

2019 ൽ ഡോ. കെ.എസ് രാധാകൃഷ്ണനായിരുന്നു ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥി. ശബരിമല മുഖ്യവിഷയമായ തിരഞ്ഞെടുപ്പിൽ 1.81ലക്ഷം വോട്ടുകൾ പിടിച്ച രാധാകൃഷ്ണൻ, മണ്ഡലചരിത്രത്തിലെ തന്നെ ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഈ വോട്ടുകൾ മറികടക്കുകയാണ് ശോഭാ സുരേന്ദ്രന് മുന്നിലുളള വെല്ലുവിളി.

Advertisment