പിണറായിക്ക് പൂട്ടിടാൻ മോദി. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കേന്ദ്ര സംഘം കേരളത്തിൽ. കർഷകരിലേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പി. സജീവ ഇടപെടലിന് ചുക്കാൻ പിടിക്കുന്നത് കുമ്മനം രാജശേഖരൻ. ലക്ഷ്യം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ. നെല്ല് സംഭരിച്ചവകയിൽ ഇപ്പോഴും കുടിശികയുള്ളത് 700 കോടിയോളം രൂപ. കേന്ദ്ര സർക്കാർ നേരിട്ട് നെല്ല് സംഭരിച്ചാൽ സംസ്ഥാന സർക്കാരിന് തിരിച്ചടി ഉറപ്പ്

New Update
MODI PINARAYI

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന് സമയബന്ധിതമായി പണം നൽകാത്ത പ്രശ്നത്തിൽ ഇടപെടാൻ കേന്ദ്രസർക്കാർ.

Advertisment

സംസ്ഥാനത്തെ നെല്ലറകളായി അറിയപ്പെടുന്ന കുട്ടനാട്ടിലും പാലക്കാടും ഉദ്യോഗസ്ഥരെ അയച്ച് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ശേഷമാണ് ഇടപെടാൻ ഒരുങ്ങുന്നത്.


സംസ്ഥാന സർക്കാർ സപ്ളൈകോയെ ഉപയോഗിച്ച് നടത്തുന്ന നെല്ല് സംഭരണത്തിൻെറ പണം പലപ്പോഴും കുടിശികയാണ്.


ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ചവകയിൽ ഇപ്പോഴും 700 കോടിയോളം രൂപ കുടിശികയുണ്ട്. ഈ സാഹചര്യത്തിൽ നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെ‍‍ഡറേഷൻ ഓഫ് ഇൻഡ്യ( എൻ.സി.സി.എഫ്) വഴി നെല്ല് സംഭരിച്ച് കർഷകർക്ക് യഥാസമയം പണം നൽകുന്ന പദ്ധതിയാണ് കേന്ദ്രം പരിഗണിക്കുന്നത്.

സംസ്ഥാനത്തെ കർഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുളള ഇടപെടൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കി കൊടുക്കുമെന്നാണ് ബിജെപി സർക്കാരിൻെറ പ്രതീക്ഷ.

g.1697203335

കേന്ദ്ര കൃഷി വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഉൾപ്പടെ വിദഗ്ധസംഘമാണ് നെൽകർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കുട്ടനാട്ടിലും  പാലക്കാട്ടും ത‍ൃശൂരിലെ കോൾനിലങ്ങളിലും സന്ദ‍‍ർശനം നടത്തിയത്.

കേരളത്തിൽ നിന്ന്  എൻസിസിഎഫ്  വഴി കേന്ദ്ര സർക്കാറിന്റെ  നേരിട്ടുള്ള നെല്ല് സംഭരണത്തിന് നടപടികൾ തുടങ്ങിയതായി കേന്ദ്ര സംഘം അറിയിച്ചു.


ഒക്ടോബർ 3,4 തീയതികളിലായി എൻസിസിഎഫ് പ്രതിനിധികൾ സംസ്ഥാനം സന്ദർ‍ശിച്ച് നെല്ല് സംഭരണത്തിനുളള ഒരുക്കങ്ങൾ തുടങ്ങും. 


നെൽകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ എത്തിയ കേന്ദ്ര  സംഘം  സന്ദർശനം പൂർത്തിയാക്കിയ ശേഷം  കൃഷി വകുപ്പ് മന്ത്രിക്ക് പഠന റിപ്പോർട്ട് ഉടൻ സമർപ്പിക്കും. 

കർഷകരോട് സംസാരിച്ച് അവരുടെ വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ അനുഭവത്തിൻെറ അടിസ്ഥാനത്തിലാകും റിപോർട്ട തയാറാക്കുക.

10-48

കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് റിപോർട്ട് സമർപ്പിക്കുക. നെല്ല് സംഭരണവും വന്യജീവിപ്രശ്നങ്ങളും അടക്കം കേരളത്തിലെ കർഷകർ‍ നേരിടുന്ന ജീവൽ പ്രശ്നങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്ന കേന്ദ്രകൃഷി വകുപ്പ് ജോയിൻ്റ് സെക്രട്ടറി എസ് രുക്മിണി അറിയിച്ചു.

സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിൻെറ രാഷ്ട്രീയ ഇടപെടലിൻെറ ഫലമായാണ് നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ നിന്ന് പ്രത്യേക സംഘം എത്തിയത്.


തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചാണ് കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ ബി.ജെ.പി തീരുമാനിച്ചത്.


സംസ്ഥാനത്തെ മറ്റ് മേഖലകളിലെ പ്രശ്നങ്ങളിലും സമാന ഇടപെടൽ നടത്താൻ ബി.ജെ.പി നേതൃത്വം ആലോചിക്കുന്നുണ്ട്.

മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് കാർഷിക മേഖലയിൽ നടത്തുന്ന ഇടപെടലുകൾക്ക് ചുക്കാൻ പിടിക്കുന്നത്. 

kummanam

കേന്ദ്ര സർക്കാർ നേരിട്ട് നെല്ല് സംഭരിക്കാനുള്ള  നടപടികൾ അന്തിമഘട്ടത്തിലാണെന്ന്   ബിജെപി ദേശീയ നിർവാഹ സമിതി അംഗം കൂടിയായ കുമ്മനം രാജശേഖരൻ അറിയിച്ചു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ബി.ജെ.പിയും കേന്ദ്ര സർക്കാരും ഇടപെടാൻ തുടങ്ങിയ പശ്ചാത്തലത്തിൽ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുളള കുടിശിക നൽകാനുളള നടപടികൾ സംസ്ഥാന സർക്കാരും വേഗത്തിലാക്കിയിട്ടുണ്ട്.

ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ചതിൽ 700 കോടി രൂപ ഇപ്പോഴും കർഷകർക്ക് കുടിശികയാണ്. ഈ പണം നൽകാനുളള നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.


നെല്ല് സംഭരിച്ചതിൻെറ വില ഇപ്പോൾ പി.ആർ.എസ് ( പാഡി രസീറ്റ് സ്കീം) വായ്പയായാണ് നൽകിപോരുന്നത്. കർഷകർക്ക് നൽകുന്ന പണം മടക്കി നൽകുന്നതിൽ  സപ്ളൈകോ വീഴ്ച വരുത്തിയതോടെ പ്രധാന ബാങ്കുകളെല്ലാം പദ്ധതിയിൽ നിന്ന് പിന്മാറി.


കേരളാ ബാങ്കിനെ കൊണ്ട് പദ്ധതി ഏറ്റെടുക്കാൻ നടപടി എടുത്തെങ്കിലും സപ്ളൈകോയുടെ മുൻ വായ്പ അടച്ച് തീർക്കാതെ പദ്ധതി ഏറ്റെടുക്കാൻ നിർവാഹമില്ല.

ഈ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 700 കോടി രൂപ വായ്പ എടുത്ത് കുടിശിക തീർക്കാനാണ് ആലോചന. 


പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളെ യോഗത്തിന് വിളിച്ച മുഖ്യമന്ത്രി വായ്പ ഉറപ്പാക്കാൻ ഇടപെട്ടിട്ടുണ്ട്.


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി സംസ്ഥാനത്ത് പ്രചരണ പദയാത്രക്ക് തയാറെടുക്കുന്ന രാഹുൽ ഗാന്ധിയും നെൽകർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആലോചിക്കുന്നതായി സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതും പെട്ടെന്ന് കുടിശിക തീർക്കാനുളള നടപടിക്ക് സർക്കാരിന് പ്രേരണയായിട്ടുണ്ട്.

Advertisment