/sathyam/media/media_files/2025/11/15/img89-2025-11-15-19-24-15.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മദ്ധ്യത്തിൽ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് സ്ഥാനാർത്ഥിയാത്തതിൽ പ്രതിഷേധിച്ചുള്ള ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യ.
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ തൃക്കണ്ണാപുരത്ത് മത്സരിപ്പിക്കുമെന്നായിരുന്നു ആനന്ദിന്റെ പ്രതീക്ഷ. ഇതിനായി ഒരുക്കങ്ങളും തുടങ്ങിയിരുന്നു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തൃക്കണ്ണാപുരത്ത് വി. വിനോദ് കുമാർ ആണ് സ്ഥാനാർത്ഥി.
സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങിയെങ്കിലും പാർട്ടിക്കാർ ഭീഷണിപ്പെടുത്തി നീക്കം തടയുകയായിരുന്നെന്ന് സി.പി.എം ആരോപിക്കുന്നു.
മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. അതേസമയം, സ്ഥാനാർഥി പട്ടികയിൽ ആനന്ദ് ഇല്ലായിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിനെ (കെ.അനിൽകുമാർ–58 ) വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സെപ്തംബറിലാണ്.
തൃക്കണ്ണാപുരം മുൻ കൗൺസിലർ കൂടിയായിരുന്നു അനിൽ. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.
‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും.അത് പിരിച്ചു നിക്ഷേപകർക്ക് നൽകണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താൻ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’ എന്ന് മരണക്കുറിപ്പ് എഴുതി വച്ചശേഷമായിരുന്നു അനിലിന്റെ ആത്മഹത്യ.
വായ്പ എടുത്തവർ തിരിച്ചടയ്ക്കാതായതോടെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നിരുന്നു. വായ്പ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബി.ജെ.പിക്കാരായതിനാൽ തിരിച്ചടയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തെ അനിൽ സമീപിച്ചിരുന്നു.
അനിലിന്റെ ആത്മഹത്യ പാർട്ടിയിൽ കോളിളക്കമുണ്ടാക്കിയിരുന്നു. അതിന്റെ ചൂടാറും മുൻപേയാണ് സ്ഥാനാർത്ഥിയാക്കാത്ത ആർ.എസ്.എസ് നേതാവിന്റെ ആത്മഹത്യ.
ബി.ജെ.പി, ആർ.എസ്.എസ് പ്രാദേശിക നേതാക്കളെ അതിരൂക്ഷമായി വിമർശിച്ചുള്ളതാണ് ആനന്ദിന്റെ മരണക്കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ട്.
തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്.
ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം തദ്ദേശതിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു.
ഇത്തവണ തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാൻ സി.പി.എമ്മും ബിജെപിയും കടുത്ത പോരാട്ടത്തിലാണ്. മിക്ക വാർഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
മുൻ ഡിജിപി ആർ.ശ്രീലേഖയെപ്പോലും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. പ്രമുഖ നേതാക്കളെല്ലാം മത്സരിക്കുന്നു. തിരുവനന്തപുരം കോർപറേഷൻ പിടിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമുണ്ടാക്കാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിനിടെയാണ് അപ്രതീക്ഷിതമായ തിരിച്ചടികളും വിവാദങ്ങളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us