/sathyam/media/media_files/2025/08/09/bjp-flag-2025-08-09-12-42-31.jpg)
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പിരിക്കൊണ്ട് നിൽക്കേ ശത്രുദോഷം മാറ്റാൻ ബി.ജെ.പി ഹോമം നടത്തിയെന്ന് വാർത്തകൾ പുറത്ത് വരുന്നു.
പാർട്ടി തുടർച്ചയായി പ്രതിസന്ധികളിൽ ആകുന്നത് ഒഴിവാക്കാൻ മാരാർജി ഭവനിലാണ് ഹോമം നടന്നതെന്നാണ് പുറത്ത് വന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്.
ശത്രുദോഷം തീർക്കാനാണ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിൻ്റെ നേതൃത്വത്തിൽ തൃശൂരിൽ നിന്നുള്ള കർമിയെ എത്തിച്ചാണ് ഹോമം നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ഹോമം നടത്തിയതെന്നും പറയപ്പെടുന്നു.
പ്രധാന നേതാക്കൾ എല്ലാവരും പങ്കെടുത്ത ഹോമത്തിൽ നിന്നും വി.മുരളീധരനും കെ.സുരേന്ദ്രനും വിട്ടു നിന്നുവെന്നുമാണ് വാർത്തകൾ. തലസ്ഥാനത്ത് പ്രത്യേകിച്ചും കേരളത്തിൽ ആകെയും പാർട്ടിക്ക് തുടരെയുള്ള തിരിച്ചടികൾ മാറ്റാനാണ് ഹോമം എന്നാണ് നിഗമനം.
തലസ്ഥാനത്ത് തിരുമല അനിൽ, ആനന്ദ്.കെ. തമ്പി എന്നിവരുടെ ആത്മഹത്യകൾ പാർട്ടിയിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പെരിങ്ങമല ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ നടത്തിയ കോടികളുടെ അഴിമതിയും പുറത്ത് വന്നിരുന്നു.
43 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ എസ്. സുരേഷിന് സഹകരണ വകുപ്പിൻ്റെ നോട്ടീസും ലഭിച്ചിരുന്നു. ഇതെല്ലാം പ്രവർത്തകർക്കിടയിൽ അവമതിപ്പ് സൃഷ്ടിച്ചിരുന്നു. തുടർന്നാണ് പാർട്ടിയിലെ പ്രശ്നങ്ങൾ ഹോമത്തിലൂടെ പരിഹരിക്കാൻ ശ്രമം നടന്നതെന്നാണ് പറയപ്പെടുന്നത്.
എന്നാൽ പുറത്ത് വന്ന വാർത്തകൾ ബി.ജെ.പി നേതൃത്വം നിഷേധിച്ചിട്ടുണ്ട്. ഇത്തരം ഹോമങ്ങൾ ഒന്നും പാർട്ടി ഓഫീസിൽ നടന്നിട്ടില്ലെന്നും എല്ലാം കെട്ടുകഥയാണെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us