/sathyam/media/media_files/2025/03/26/rdxOKPL9hZ7G9HeH99jG.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോർപറേഷനുകളിലും ബി.ജെ.പി നേടിയ വമ്പൻ വിജയം കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ ചൂണ്ടുപലകയായി മാറുകയാണ്.
മുൻകാലങ്ങളിൽ നിന്ന് ഭിന്നമായി തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ തട്ടിലുമുള്ള ഭരണ സ്ഥാപനങ്ങളിലേക്കും ബി.ജെ.പി ജയിച്ചു കയറി. ഇതിനു പുറമെയാണ് തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചത്.
45ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ എത്തിച്ച് തലസ്ഥാന വികസന മാസ്റ്റർപ്ലാൻ പ്രഖ്യാപിക്കാനാണ് ബി.ജെ.പി നീക്കം. അങ്ങനെയായാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിൽ അതിശക്തമായി പ്രതിഫലിക്കുമെന്നുറപ്പാണ്.
/filters:format(webp)/sathyam/media/media_files/2025/12/09/rajeev-chandrasekhar-narendra-modi-2025-12-09-08-09-34.jpg)
ഇത്തവണ 25 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപറേഷനിലും ബിജെപി ഭരണം പിടിച്ചു.
വാർഡുകളുടെ കണക്കെടുത്താൽ 1429 പഞ്ചായത്ത് വാർഡുകളിലും 54 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 324 മുനിസിപ്പാലിറ്റി വാർഡുകളിലും 92 കോർപറേഷൻ വാർഡുകളിലും ബിജെപി ജയിച്ചു കയറി.
അന്തിമഫലം വരുമ്പോൾ കണക്ക് ഉയരാനാണ് സാദ്ധ്യത. ആർക്കും ഭൂരിപക്ഷമില്ലാത്ത നൂറോളം തദ്ദേശ സ്ഥാപനങ്ങളിലെ വിവരങ്ങൾ കൂടിയാവുമ്പോൾ ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം ഇനിയും കൂടും.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി നേടിയിരിക്കുന്നത്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 11 നിയമസഭാ സീറ്റുകളിലാണ് ബിജെപി ഒന്നാമതെത്തിയത്. കഴക്കൂട്ടം, വട്ടിയൂർകാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്.
ഇതിനു പുറമെ എട്ട് മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥആനത്തുമുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമത് എത്തിയത്.
ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണെന്നതാണ് കൗതുകകരം. ഇതിൽ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂർ, വി.ശിവൻകുട്ടിയുടെ നേമം, ആർ.ബിന്ദുവിന്റെ ഇരിങ്ങാലക്കുട എന്നിവയും ഉൾപ്പെടുന്നുണ്ട്.
തിരുവനന്തപുരം, ആറ്റിങ്ങൾ മണ്ഡലങ്ങൾ പതിനാറായിരത്തോളം വോട്ടുകൾക്ക് മാത്രമാണ് ബിജെപിക്ക് ഒന്നാം സ്ഥാനക്കാരേക്കാൾ കുറവുള്ളത്.
ഇടതു വലതു മുന്നണികളിൽ കേന്ദ്രീകരിച്ച കേരള രാഷ്‌ട്രീയത്തിൽ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
താമര ചിഹ്നത്തിൽ ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടക്കം കടന്ന് വൻ മുന്നേറ്റമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്.
നിലവിൽ നിയമസഭയിൽ ബിജെപിക്ക് ഒറ്റ സീറ്റുപോലുമില്ല. 2016ൽ നേമത്ത് ജയിച്ച ബി.ജെ.പി, കഴിഞ്ഞ തവണ ആ സീറ്റിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് അഞ്ചു മാസം ശേഷിക്കവേ, സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും അവിടെ പ്രാഥമിക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/05/22/qEoRturCsGOJcrBvIx9B.jpg)
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ്. നേമം ഉൾപ്പെടെ 9മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വട്ടിയൂർകാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് രണ്ടാമതെത്തിയത്.
എട്ടിടത്ത് 40000ൽ കൂടുതലും 17മണ്ഡലങ്ങളിൽ 30000ലേറെയും വോട്ട് കിട്ടി. നേമം, മഞ്ചേശ്വരം, കാസർകോട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ അരലക്ഷത്തിലേറെ വോട്ടാണ് ബിജെപിക്ക് കിട്ടിയത്.
തൃശൂർ, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിൽ 40000ലേറെയും വോട്ട് കിട്ടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടങ്ങളിലെല്ലാം വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനുള്ള പ്രവർത്തനങ്ങൾ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച ബി.ജെ.പിക്ക് വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടാനായിരുന്നു.
ആറ്റിങ്ങളിൽ 31 ശതമാനവും ആലപ്പുഴയിൽ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില.
ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. മാത്രമല്ല തൃശൂരിലും പത്തനംതിട്ടയിലുമടക്കം ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളും നേടാനായി.
ന്യൂനപക്ഷ മേഖലയിലടക്കം വോട്ട് നേടാനായത് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാനായതെന്നാണ് വിലയിരുത്തൽ. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിന് വഴി തുറക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us