കോഴിക്കോട്: ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ രക്ഷാദൗത്യം തുടരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകളാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്.
തുടര്‍ സ്‌ഫോടനങ്ങളും കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ വ്യാപിക്കുന്നതും രക്ഷാദൗത്യത്തിനു വെല്ലുവിളിയാകുന്നുണ്ട്. അതേ സമയം കാണാതായ നാല് ജീവനക്കാര്‍ക്കുവേണ്ടിയുള്ള തെരച്ചിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലില്‍ തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. 650 ഓളം കണ്ടെയ്‌നറുകളുമായി പോവുകയായിരുന്ന കപ്പലിന്റെ മധ്യഭാഗത്തുനിന്ന് പൊട്ടിത്തെറിയുണ്ടാവുകയും കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീഴുകയുമായിരുന്നു.
ഇതെത്തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു എത്തുകയായിരുന്നു,കോസ്റ്റ്ഗാര്‍ഡിന്റെ സചേത് സമുദ്രപ്രഹരി തുടങ്ങിയ കപ്പലുകളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം പമ്പുചെയ്യുന്നുണ്ടെങ്കിലും തീ നിയന്ത്രിക്കാനായിട്ടില്ല.
തുടരെ തുടരെ സ്‌ഫോടനങ്ങളുണ്ടാകുന്നതും കണ്ടെയ്‌നറുകള്‍ കടലില്‍ വീണു കിടക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ഡിഫന്‍സ് പി ആര്‍ ഒ അതുല്‍ പിള്ള പറഞ്ഞു.
കോസ്റ്റ്ഗാര്‍ഡിന്റെ കൂടുതല്‍ കപ്പലുകള്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളാകുന്നതോടെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.അതേ സമയം സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
അതേ സമയം കപ്പല്‍ അപകടത്തില്‍പ്പെട്ടാല്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര ഏജന്‍സികള്‍ക്കാണെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.
കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ തിങ്കളാഴ്ച രാത്രി നാവിക സേനയുടെ കപ്പലായ ഐ എന്‍ എസ് സൂറത്തില്‍ മംഗലൂരിവിലെത്തിച്ചിരുന്നു.കാണാതായ നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.