തിരുവനന്തപുരം: പാശ്ചാത്യ ജനതയ്ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള മൂല്യങ്ങള്‍ക്ക് പകരം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രക്തത്തിലെ ഘടകങ്ങളുടെ സാധാരണ മാനദണ്ഡ പരിധികള്‍ പുനഃക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് (ബിആര്‍ഐസി-സിഡിഎഫ് ഡി) ഡയറക്ടര്‍ പ്രൊഫ. ഉല്ലാസ് കൊല്ത്തൂര് സീതാറാം പറഞ്ഞു. ബിആര്‍ഐസി-ആര്‍ജിസിബിയില്‍ (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടക്നോളജി) നടന്ന നാഷണല്‍ ടെക്നോളജി ഡേ (എന്‍ടിഡി) 2025 പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ രക്തത്തിലെ ഘടകങ്ങള്‍ പൊതുവെ അടിസ്ഥാനപരമാണെങ്കിലും, പല സാധാരണ റഫറന്‍സ് പരിധികളും ഇന്ത്യന്‍ ജനസംഖ്യയ്ക്ക് വേണ്ടി പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ അടിവരയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പാശ്ചാത്യ ജനതയുടെ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ജനിതകം, ഭക്ഷണക്രമം, പാരിസ്ഥിതികമായ വ്യത്യാസങ്ങള്‍ എന്നിവയ്ക്ക് ജീവശാസ്ത്രപരമായ സൂചകങ്ങളെയും ജൈവചരിത്ര പശ്ചാത്തലത്തെയും മാറ്റാന്‍ കഴിയും. ഭക്ഷണക്രമത്തിലെ പെട്ടെന്നുള്ളതും ദീര്‍ഘകാലവുമായ മാറ്റങ്ങള്‍ എങ്ങനെയാണ് ആരോഗ്യത്തെ അടിസ്ഥാനപരമായ തലത്തില്‍ സ്വാധീനിക്കുന്നത് എന്ന വിഷയത്തില്‍ അത്യാധുനിക ഗവേഷണങ്ങള്‍ നടക്കുകയാണ്. മൈറ്റോകോണ്ഡ്രിയല് പ്രവര്‍ത്തനം, എപ്പിജെനെറ്റിക് റെഗുലേഷന് എന്നിവ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നും പ്രൊഫ. ഉല്ലാസ് കൊല്ത്തൂര് സീതാറാം പറഞ്ഞു.
മൈറ്റോകോണ്ഡ്രിയല് പ്രവര്‍ത്തനം, എപ്പിജെനെറ്റിക്സ്, പോഷകാഹാരം എന്നിവ എങ്ങനെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണയ്ക്ക് പ്രൊഫ. ഉല്ലാസ് സുപ്രധാനമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടിഐഎഫ്ആര്‍(ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്) മുംബൈയില്‍ നിന്നാണ് അദ്ദേഹം സിഡിഎഫ് ഡിയില്‍ എത്തിയത്. ടിഐഎഫ്ആറില്‍ മെറ്റബോളിസം, ഡെവലപ്മെന്റ് ഏജിംഗ് (എആര്യുഎംഡിഎ) എന്ന നൂതന ഗവേഷണ വിഭാഗം സ്ഥാപിച്ചു. പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍, വാര്‍ദ്ധക്യം തുടങ്ങിയ ഇന്ത്യയുടെ വെല്ലുവിളികളെ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിലൂടെ അഭിമുഖീകരിക്കുന്ന മുന്‍നിര സംരംഭമാണിത്.
ഈ വര്‍ഷത്തെ ദേശീയ സാങ്കേതികവിദ്യ ദിനത്തിന്റെ വിഷയമായ 'വികസിത ഭാരതത്തിനായി ശാസ്ത്രത്തിലും നവീനതയിലും ആഗോള നേതൃത്വത്തിന് ഇന്ത്യന്‍ യുവത്വത്തെ ശാക്തീകരിക്കുന്നു' എന്നത് എറെ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ബിആര്‍ഐസി-ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ഗവേഷണം, സംരംഭകത്വം, ഗവേഷണത്തിലൂടെയുള്ള നൈപുണ്യ വികസനം എന്നിവയ്ക്ക് നിലവില്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. യുവ ഗവേഷകര്‍ക്കും സംരംഭകര്‍ക്കും വഴിത്തിരിവാകുന്ന കണ്ടുപിടുത്തങ്ങള്‍ നടത്താനും സാങ്കേതികവിദ്യകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ക്കായി ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനും ആര്‍ജിസിബി എന്നും മുന്‍നിരയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.