/sathyam/media/media_files/2025/10/08/pinarayi-vijayan272353_1572964276-2025-10-08-16-57-22.jpg)
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ലീഗ് എം.എൽ.എയെ ഉയരക്കുറവിന്റെ പേരിൽ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തിൽ.
സഭാ നേതാവായ മുഖ്യമന്ത്രി എല്ലാ അംഗങ്ങളെയും സംരക്ഷിക്കേണ്ട ആളാണ്. എന്നിട്ടും പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചതാണ് വിവാദത്തിന് വഴിതെളിച്ചത്. പ്രതിപക്ഷം ഒന്നാകെ ഇതിനെതിരേ രംഗത്ത് വന്നു.
മുഖ്യമന്ത്രിയുടെ വിവാദമായ പരാമർശം ഇങ്ങനെ:
''എന്റെ നാട്ടിൽ ഒരു ചൊല്ലുണ്ട്, 'എട്ടുമുക്കാൽ അട്ടിവച്ചതു പോലെ'. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ച് അതിന് കഴിയില്ല.
നിയമസഭയുടെ പരിരക്ഷ വച്ച് നിശബ്ദജീവികളായ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. അപമാനകരമാണിത്'' മുസ്ലീം ലീഗ് അംഗത്തിന്റെ പേര് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ദിവസങ്ങളായി പ്രതിപക്ഷം പ്രകോപനം തുടർന്നിട്ടും ഭരണകക്ഷി അംഗങ്ങൾ സംയമനം പാലിച്ചത് ദൗർബല്യമായി കാണരുത്. പാർലമെന്ററി രീതിയിൽ എങ്ങനെ തിരിച്ചു പെരുമാറണമെന്ന് അറിയാം. അതിന് ഭരണകക്ഷി അംഗങ്ങളെ നിർബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എൽ.എയ്ക്കെതിരേ ബോഡി ഷെയിമിംഗ് നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം പാർലമെന്ററി വിരുദ്ധമായതിനാൽ സഭാരേഖകളിൽ നിന്നു നീക്കണമെന്നു പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു.
ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യമെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഏതുകാലത്താണ് ജീവിക്കുന്നതെന്നും പുതിയ കാലത്തെക്കുറിച്ച് അറിയില്ലേയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.
പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ നിയമസഭയിൽ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ലീഗ് എം.എൽ.എ നജീബ് കാന്തപുരം രംഗത്ത്.
ആരോഗ്യ ദൃഢഗാത്രർക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് ഫേസ്ബുക്കിൽ കുറിപ്പിട്ടു.
പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് സഖാക്കൾ പരിശോധിക്കണമെന്നും നജീബിന്റെ കുറിപ്പിലുണ്ട്.
അതിനിടെ, ലീഗ് എം.എൽ.എയെ ബോഡി ഷെയ്മിംഗ് നടത്തിയ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി.പി.എം ക്യാപ്സൂളുകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി.
എം എം മണിയെ ചിമ്പാൻസി എന്ന് ഒരു നേതാവ് ആക്ഷേപിച്ചപ്പോൾ ഇവർക്ക് ജലദോഷമായിരുന്നു. മുഖ്യമന്ത്രിയെ തുടലഴിഞ്ഞ് പോയ പട്ടിയോട് ഉപമിച്ചപ്പോൾ, പി കെ ശ്രീമതി ടീച്ചറെ കിടുങ്ങാക്ഷിയമ്മ എന്ന് വിളിച്ചപ്പോൾ, ഏറ്റവും ഒടുവിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ പറ്റി അസഭ്യം പറഞ്ഞപ്പോൾ ആരെങ്കിലും മാപ്പ് പറഞ്ഞോ ?..
ഇ എം എസിനെ വിക്കാ എന്നും കെസി ജോർജ്ജിനെ ഞൊണ്ടി എന്നും പട്ടികജാതികാരനായ മന്ത്രി പി.കെ ചാത്തൻ മാസ്റ്ററെ ചാത്താ എന്നും വിളിച്ചപ്പോൾ ആരൊക്കെ ഖേദം രേഖപ്പെടുത്തി ??? എന്നിട്ടാണ് പുതിയ ഇരവാദവുമായി ഇറങ്ങിയിരിക്കുന്നത്. ഇതാണ് സി.പി.എമ്മിന്റെ സോഷ്യൽ മീഡിയാ ക്യാപ്സൂൾ.