അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്കും രോഗപ്രതിരോധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിൻറെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.
പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിൽ കലോറി വളരെ കുറവാണ്. മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം കൂടുതലാണ്. ഇതിൽ സ്വാഭാവിക വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ഒരു ഇടത്തരം മധുരക്കിഴങ്ങ് പ്രതിദിനം ശുപാർശ ചെയ്യുന്നു. കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ മികച്ച കാഴ്ചയ്ക്കും എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.