ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ വാര്‍ഷിക സമ്മേളനത്തിന് ബ്രിക്-ആര്‍ജിസിബി കോവളത്ത് ആതിഥ്യമരുളും

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന പരിപാടിയില്‍ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കും

New Update
rgcb

തിരുവനന്തപുരം: ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) 43-ാമത് വാര്‍ഷിക സമ്മേളനം  ഒക്ടോബര്‍ 29 മുതല്‍  നവംബര്‍ 1 വരെ കോവളത്ത് നടക്കും. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Advertisment

കോവളം ഉദയ സമുദ്ര ഹോട്ടലില്‍ നടക്കുന്ന നാല് ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും അണിനിരക്കും.

നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.

ഫ്രാന്‍സിലെ പാരീസ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐസിഎം) ഡോ. സ്റ്റെഫാനി ബൗലാക് 'ബ്രെയിന്‍ മൊസൈക്കിസം ഇന്‍ എപ്പിലെപ്സി ആന്‍ഡ് കോര്‍ട്ടിക്കല്‍ മാല്‍ഫോര്‍മേഷന്‍സ്' എന്ന വിഷയത്തില്‍ ആദ്യ ദിനം മുഖ്യപ്രഭാഷണം നടത്തും.

'ന്യൂറോബയോളജിക്കല്‍ എവിഡന്‍സ് ഫോര്‍ യോഗ ഇന്‍ ഡിപ്രഷന്‍' എന്ന വിഷയത്തില്‍ ബെംഗളൂരു നിംഹാന്‍സിലെ ഡോ. ബി എന്‍ ഗംഗാധര്‍ പ്രൊഫ. ബി കെ ബച്ചാവത് മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് പ്രഭാഷണം നടത്തും.

ബെംഗളൂരു നിംഹാന്‍സിലെ ഡോ. സുവര്‍ണ അല്ലാഡി, ന്യൂയോര്‍ക്ക് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ ഡോ. രത്ന സിര്‍ക്കര്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഡേവിഡ് ബെലിന്‍ എന്നിവര്‍ രണ്ടാം ദിവസത്തെ പ്രമുഖ പ്രഭാഷകരാണ്.

ഓസ്ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡോ. ജീ ഹ്യൂണ്‍ കിം, അമേരിക്കയിലെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഇല ഫിയറ്റ്, ന്യൂഡല്‍ഹി എയിംസിലെ ഡോ. ഷെഫാലി ഗുലാത്തി എന്നിവര്‍ മൂന്നാം ദിവസം പ്രഭാഷണം നടത്തും.

ജപ്പാന്‍ ടോക്കിയയിലുളള റൈക്കെന്‍ സെന്‍റര്‍ ഫോര്‍ ബ്രെയിന്‍ സയന്‍സിലെ ഡോ. ടോമോമി ഷിമോഗോരി, ചെന്നൈ ഐഐടിയിലെ ഡോ. മോഹനശങ്കര്‍ ശിവപ്രകാശം എന്നിവര്‍ സമാപന ദിവസം സമഗ്ര പ്രഭാഷണം നടത്തും.

Advertisment