തിരുവനന്തപുരം: വിദ്യാഭ്യാസവും സാംസ്‌കാരിക വിനിമയവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കൗണ്‍സിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയെയും സാംസ്‌കാരിക വ്യവസായങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്ദേശപത്രത്തില്‍ ഒപ്പുവച്ചു.
കേരളത്തിന്റെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ടെക് ആര്‍ട്ട്, കലോത്സവങ്ങള്‍, കരകൗശലങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി, യുവ കലാകാരന്മാര്‍ക്കും സംരംഭകര്‍ക്കും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വളരാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിച്ച ഹഡില്‍ ഗ്ലോബലില്‍ വെച്ചാണ് ഉദ്ദേശപത്രം ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ദക്ഷിണേന്ത്യ ഡയറക്ടര്‍ ജനക പുഷ്പനാഥനും, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും പത്രത്തില്‍ ഒപ്പുവച്ചു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബ്രിട്ടീഷ് കൗണ്‍സിലും തമ്മിലുള്ള പങ്കാളിത്തം, കേരളത്തിന്റെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതില്‍ സുപ്രധാന നിമിഷമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.
കേരളത്തിന്റെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ദക്ഷിണേന്ത്യ ഡയറക്ടര്‍ ജനക പുഷ്പനാഥന്‍ പറഞ്ഞു.
യുവജന ശാക്തീകരണത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് കേരളത്തിന്റെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ വികസനം പ്രോത്സാഹിപ്പിക്കുകയാണ് കെഎസ്‌യുഎമ്മും ബ്രിട്ടീഷ് കൗണ്‍സിലും തമ്മിലുള്ള ഈ സഹകരണത്തിന്റെ ലക്ഷ്യം. ടെക് ആര്‍ട്ട്, കലോത്സവങ്ങള്‍, കരകൗശലങ്ങള്‍ തുടങ്ങിയ സര്‍ഗ്ഗാത്മക മേഖലകളില്‍ സംസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ പങ്കാളിത്തം കലാകാരന്മാര്‍ക്കും സംരംഭകര്‍ക്കും പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യും.
അവര്‍ക്ക് പ്രാദേശികമായും ആഗോളമായും വിജയിക്കാന്‍ ആവശ്യമായ അവസരങ്ങളും പിന്തുണയും നല്‍കും. സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയിലൂടെ കേരളത്തിന്റെ ദീര്‍ഘകാല സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിയും നവീകരണവും, ഒപ്പം സുസ്ഥിരമായ ഉപജീവനോപാധിയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്.