തിരുവനന്തപുരം: കണ്ടെയ്നർ നീക്കത്തിൽ ഇന്ത്യയുടെ ഗേറ്റ് വേ (കവാടം) ആയി മാറുന്ന വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 5000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റിൽ അനുവദിച്ചില്ല. തുറമുഖത്തിന്റെ തുടർ വികസനത്തിനായാണ് പാക്കേജ് തേടിയത്.
കഴിഞ്ഞ ബജറ്റിലും 5000 കോടിയുടെ പ്രത്യേകപാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല.
കമ്മിഷനിംഗിന് മുൻപേ 144 കപ്പലുകളിൽ 2.9ലക്ഷം കണ്ടെയ്നറുകൾ ആറുമാസം കൊണ്ട് കൈകാര്യം ചെയ്ത് ശേഷി തെളിയിച്ച തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനം 2028ൽ പൂർത്തിയാക്കേണ്ടതാണ്
വല്ലാർപാടവും 17ചെറുകിട തുറമുഖങ്ങളുമായി കൂട്ടിയിണക്കി വിഴിഞ്ഞത്തെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ഹബാക്കി മാറ്റാനാണ് സർക്കാരിന്റെ പദ്ധതി.
അതിനാൽ വിഴിഞ്ഞത്തിന്റെ തുടർവികസനത്തിന് കേന്ദ്രപാക്കേജ് കൂടിയേ തീരൂ എന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല.
വിഴിഞ്ഞത്തേക്ക് റോഡ്, റെയിൽ സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശയില്ലാത്തതും 50വർഷ കാലാവധിയുള്ളതുമായ വായ്പ അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല
/sathyam/media/media_files/9099IJUiGEhSTbm8zA4q.jpg)
വിഴിഞ്ഞം തുറമുഖത്തേക്ക് തുരങ്ക റെയിൽപ്പാതയൊരുക്കാൻ 1400 കോടിയാണ് ചെലവ്. അഞ്ചര ഹെക്ടർ ഭൂമിയേറ്റെടുക്കണം. കൊങ്കൺ റെയിൽവേയെ നിർമ്മാണം ഏൽപ്പിക്കാൻ തീരുമാനിച്ചെങ്കിലും പണമാണ് പ്രശ്നം. പാരിസ്ഥിതികാനുമതിക്ക് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
ചരക്കുനീക്കം സുഗമമാക്കാൻ ബാലരാമപുരത്ത് നിന്ന് തുറമുഖത്തേക്കുള്ള 10കിലോമീറ്റർ റെയിൽവേ ടണൽ നാലുവർഷത്തിനകം യാഥാർത്ഥ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
2 വർഷത്തിനകം ദേശീയപാത 66ലേക്കുള്ള കണക്ടിവിറ്റിയൊരുക്കുക്കേണ്ടതാണ്. ദേശീയപാതാ താത്കാലിക കണക്ടിവിറ്റിക്ക് 1.7കി.മീ അപ്രോച്ച്റോഡും നിർമ്മിക്കണം. ഔട്ടർ റിംഗ്‌റോഡിന് 6000കോടിയാണ് ചെലവ്. ഇവയ്ക്കെല്ലാമായാണ് കേന്ദ്രസഹായം തേടിയതെങ്കിലും ഒന്നും കിട്ടിയില്ല
നിർമ്മലയുടെ ബജറ്റിൽ മാരിടൈം വികസന ഫണ്ട് പ്രഖ്യാപിച്ചു. 25000കോടി കോർപസ് ഫണ്ടോടെ മാരിടൈം വ്യവസായത്തിന് സഹായവും പ്രോത്സാഹനവും നൽകാനാണിത്. ഫണ്ടിന്റെ 49ശതമാനം സർക്കാർ നൽകും.
ശേഷിക്കുന്ന തുക തുറമുഖങ്ങളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും സ്വരൂപിക്കും. കപ്പൽ നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്ന നയം പുതുക്കും. യാർഡുകൾക്ക് കപ്പൽ നിർമ്മാണത്തിന് പ്രോത്സാഹനം നൽകും.
/sathyam/media/media_files/2025/02/01/f24RsxBrdpok6brAoulB.jpg)
കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ ഈ ബജറ്റിലും നിർദ്ദേശിക്കുന്നു. അധികമായി അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ, സാങ്കേതികവിദ്യയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തൽ എന്നിവയ്ക്കും ഊന്നൽ
കപ്പൽ നിർമ്മാണം ദീർഘകാലത്തേക്കുള്ളതായതിനാൽ കപ്പൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, സാമഗ്രികൾ, പാർട്സ് എന്നിവയ്ക്കുള്ള കസ്റ്റംസ് നികുതി 10വർഷത്തേക്ക് കൂടി ഒഴിവാക്കി. കപ്പൽ പൊളിക്കുന്നതിനും ഇളവുകളുണ്ടാവും