/sathyam/media/media_files/2026/01/28/kn-balagopal-2026-01-28-20-10-10.jpg)
കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്, സസ്‌പെന്‍സ് പൊട്ടിക്കാതെ ധനമന്ത്രി. ജനങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്ന പ്രഖ്യാപനങ്ങളാകും തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കേ ബജറ്റില്‍ ഉണ്ടാവുക.
ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴും ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന സൂചനയാണു മന്ത്രി നല്‍കിയത്. ക്ഷേമ പെന്‍ഷന്‍ ഈയിടെയാണു കൂട്ടിയതെന്നും പ്രഖ്യാപിച്ച തുക മുടക്കം വരാതെ കൊടുക്കാനാണു സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുതെന്നാണു മന്ത്രി പറഞ്ഞത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനവ് ബജറ്റില്‍ ഉണ്ടാകും. ബജറ്റില്‍ നിര്‍മായക പ്രഖ്യാപനങ്ങള്‍ കിഫ്ബി വഴിയാകും നടത്തുക.
എൽഡിഎഫ് സര്‍ക്കാരിന്റെ കിഫ്ബി വിപ്ലവം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയിരുന്നു. ഒമ്പതര വര്‍ഷത്തിനിടയില്‍ കിഫ്ബി അംഗീകാരം നല്‍കിയത് 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ്.
70,562 കോടിയുടെ 1183 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും 20,000 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കല്‍ പാക്കേജുകള്‍ക്കുമാണ് അംഗീകാരം നല്‍കിയത്.
ഇതില്‍ 37,388 കോടി രൂപ ചെലവഴിച്ചു. 21881 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ കിഫ്ബിക്കു നല്‍കും. കിഫ്ബി സജീവമായി തുടരുമെന്നു മന്ത്രി സൂചന നല്‍കുന്നു.
വിദ്യാഭാസ രംഗത്തും നിര്‍ണായക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍ സ്‌കൂളുകള്‍ ഹൈടെക്ക് ആക്കി മാറ്റുന്ന പ്രഖ്യാപനം സ്മാര്‍ട്ട് അംഗന്‍വാടികള്‍, തുടങ്ങി സ്വകാര്യ സര്‍വകലാശാലകള്‍ സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകും.
ആരോഗ്യ രംഗത്ത് മെഡിക്കല്‍ കോളജുകളുടെയും താലൂക്ക് ജില്ലാ ആശുപത്രികളുടെയും വികസനം ബജറ്റില്‍ പ്രതീക്ഷിക്കുന്നവയാണ്.
കൃഷിയില്‍ റബര്‍ താങ്ങുവില വര്‍ധിപ്പിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഇടം പിടിച്ചേക്കും.
പുതുതായി പ്രഖ്യാപിച്ച പ്രതിമാസം ആയിരം രൂപ നല്‍കുന്ന സ്ത്രീസുരക്ഷാ പെന്‍ഷന്‍, യുവാക്കള്‍ക്കുള്ള കണക്ടു കണക്ട് വര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയുടെ തുകയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളും പ്രതീക്ഷിക്കാം. മദ്യത്തിന് ഇനിയും വില കൂട്ടുമോയെന്ന ചോദ്യങ്ങളും സംശയങ്ങളും ശക്തമാണ്.
മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയാന്‍ മദ്യത്തിന്റെ വില കൂട്ടാതെയിരിക്കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയായി മാറിയിട്ടുണ്ട്.
വിഴിഞ്ഞത്തിനൊപ്പം മറ്റു ചെറു തുറമുഖങ്ങളുടെ വികസനം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ വന്‍തുക നീക്കിവെക്കാന്‍ സാധ്യതയുണ്ട്.
ബി.ജെ.പി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ച ക്ഷീണം നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റാന്‍ ലൈറ്റ് മെട്രോ പ്രഖ്യാപനം എല്‍.ഡി.എഫിനു ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us