കോട്ടയം: കേരളത്തില്‍ കെ. റെയില്‍ വന്നാലും ഇല്ലെങ്കിലും മുംബൈയില്‍ നിന്നു അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടും.. അതും മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍.
ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് തുടക്കമിട്ട് റെയില്‍വേ. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പുതിയ പദ്ധതിക്കു തുടക്കമിട്ട്. വന്ദേ ഭാരത് ട്രെയിനുകള്‍ക്കു പിന്നാലെ ഭാരതത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിനുകള്‍ ഉടനെത്തും. മണിക്കൂറില്‍ 280 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന ബുള്ളറ്റ് ട്രെയിനുകളാണ് നിര്‍മിക്കുന്നത്.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് അതിവേഗ ട്രെയിന്‍ സെറ്റുകള്‍ രൂപകല്‍പന ചെയ്യുക. ബിഇഎംഎല്ലുമായി സഹകരിച്ചാണ് നിര്‍മാണം. 28 കോടി രൂപയാണ് പദ്ധതിച്ചെലവ്. അതിവേഗ ട്രെയിന്‍ സെറ്റുകളുണ്ടാക്കുന്നതിന് അത്യാധുനിക സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്.
ചെയര്‍കാര്‍ ട്രെയിന്‍ സെറ്റുകളില്‍ എയ്റോഡൈനാമിക് എക്സ്റ്റീരിയറുകള്‍, സീല്‍ ചെയ്ത ഗാങ്വേകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, സിസിടിവി നിരീക്ഷണം, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, ലൈറ്റിങ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ട്രെയിന്‍ രൂപകല്‍പന പൂര്‍ത്തിയായ ശേഷമേ പരീക്ഷണമുള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കൂ.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയുടെ ഭാഗമായുള്ള പാലത്തിന്റെ 331 കിലോമീറ്റര്‍ പൂര്‍ത്തിയായി, 336 കിലോമീറ്റര്‍ അടിത്തറ പാകി, 225 കിലോമീറ്ററില്‍ തൂണുകള്‍ സ്ഥാപിച്ചു, 21 കിലോമീറ്റര്‍ സമുദ്രാന്തര്‍ഭാഗത്തെ ടണല്‍ നിര്‍മാണം ആരംഭിച്ചു. 508 കിലോമീറ്റര്‍ എംഎഎച്ച്എസ്ആര്‍ പദ്ധതിയില്‍ 12 സ്റ്റേഷനുണ്ട്. പദ്ധതി നിര്‍മാണത്തിന് 1389.5 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വന്നത്.
അതേസമയം കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തു വന്നതില്‍ സംസ്ഥാന സര്‍ക്കാരും സന്തോഷത്തിലാണ്. സാങ്കേതികവും പാരിസ്ഥിതികവുമായ തടസങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറാകുമെന്ന് അദ്ദേഹം ഈ മാസം ആദ്യം പറഞ്ഞിരുന്നു.
കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകാന്‍തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രം പറഞ്ഞ സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.