കോട്ടയം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്ത് ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിൽ. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവാണു കണക്കുകളില്‍ പ്രതിഫലിക്കുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും ചില്ലറ പണപ്പെരുപ്പത്തില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളം രാജ്യത്ത് ചില്ലറ പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞിട്ടും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. കേരളം, പഞ്ചാബ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാങ്ങളാണു വിലക്കയറ്റത്തില്‍ മുന്നിലുള്ളത്. കേരളത്തിലെ നിരക്ക് 6.71 ശതമാനമാണ്. പഞ്ചാബ് (4.67 %), ജമ്മു കശ്മീര്‍ (4.38%), ഉത്തരാഖണ്ഡ് (3.4%), ഹരിയാന (3.10%) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളുടെ നിരക്ക്.
കേരളത്തില്‍ മിക്ക ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും റിപ്പോര്‍ട്ടു കാലയളവില്‍ വില വര്‍ധിക്കുകയായിരുന്നു. വെളിച്ചെണ്ണ ഉള്‍പ്പെടെ പാചകാവശ്യത്തിനുപയോഗിക്കുന്ന എണ്ണകള്‍ക്കെല്ലാം വില വര്‍ധിച്ചു. പച്ചക്കറികള്‍, പഴങ്ങള്‍, മുട്ട തുടങ്ങിയവയ്ക്കും ഗണ്യമായ വിലവര്‍ധനയാണ് അനുഭവപ്പെടുത്. ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കുമുണ്ടായ വില വര്‍ധനയും വലുതായിരുന്നു. ചില ഉല്‍പന്നങ്ങളുടെ വില വര്‍ധനയ്ക്കു കാരണമായതു വിതരണ ശൃംഖലയിലെ അപാകതകളാണ്. ചികിത്സച്ചെലവുകളിലെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകളിലെയും വര്‍ധനയും ആകമാന പണപ്പെരുപ്പത്തിന് ഇടയാക്കി. വിലക്കയറ്റം സംസ്ഥാനത്തെ നഗര മേഖലകളില്‍ അതിരൂക്ഷമാണ്.
അരിവില 8 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുന്നു. ഭക്ഷ്യ എണ്ണയുടെ വില കൂടി. നിത്യോപയോഗ സാധനങ്ങളുടെയും വില ആകാശം മുട്ടെയാണ്. ബഹുരാഷ്ട്ര കുത്തകകളുടെ ഓരോ പുതിയ ബാച്ച് സാധനം വരുമ്പോഴും അതിന്റെ വിലയില്‍ വര്‍ധനവുണ്ടാകുന്നു. സര്‍ക്കാര്‍ വിപണിയെ ശ്രദ്ധിക്കുന്നതേയില്ല. വെറുതെ സാമൂഹ്യ വിഷയങ്ങളുണ്ടാക്കി നീറുന്ന പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചു വിടുകയാണ്.
മുന്‍പു വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ എല്ലാ കാലത്തും വിപണിയില്‍ സമര്‍ഥമായി ഇടപെട്ടിട്ടുണ്ട്. മാവേലി സ്റ്റോറുകളിലും സപ്ളൈകോ സ്ഥാപനങ്ങളിലും അവശ്യസാധനങ്ങള്‍ എത്തിച്ചാണ് ഇതു സാധിച്ചിരുന്നത്.
എന്നാല്‍, അതിനുപോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാവേലി സ്‌റ്റോറുകളില്‍ പലപ്പോഴും സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഒന്നും കാണാറില്ല. ഇപ്പോള്‍ ഓണത്തിനു മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സാധനങ്ങളുടെ വില വീണ്ടും വര്‍ധിക്കും. ഇതു സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാവുകയും ചെയ്യും.