/sathyam/media/media_files/2024/10/18/ecjeDV5F0PhXAgaluVfy.jpg)
കോട്ടയം: ഉപതിരഞ്ഞെടുപ്പ് ചൂടിനിടെ പാലക്കാട്ടുകാരായ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ഓണാഘോഷ ചടങ്ങിലും ബുക്ക് ഫെസ്റ്റിലുമൊക്കെ പങ്കെടുക്കാന്‍ അറബി നാട്ടിലേക്ക്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ 20 ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പാലക്കാട്ടുകാരനായ മന്ത്രി എം.ബി. രാജേഷ് പുറപ്പെട്ടു.
സി.പി.ഐ മന്ത്രി പി. പ്രസാദും ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമെന്ന വിവരമാണു ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നു പാലക്കാട്ടുകാരനായ വി.കെ. ശ്രീകണ്ഠന്‍ എം.പിയും ബുക്ക് ഫെയിറിന്റെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന ഓണാഘോഷ ചടങ്ങളില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.
ദുബായില്‍ വെച്ചു നടക്കുന്ന സീതത്തോട് പ്രവാസി അസോസിയേഷന്‍ ഇരുപതിനു സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ കുടുംബസമേതമാണ് എത്തുന്നത്.
കോന്നി എം.എല്‍.എ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ടു പരിപാടി മാറ്റി വെച്ചേക്കും എന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ തീരുമാനം മാറ്റിയിരുന്നു. ചടങ്ങ് കെ.യു. ജിനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ എന്‍.കെ. കുഞ്ഞമ്മഹദും മാധ്യമ പ്രവര്‍ത്തക തസ്‌നി ഹാഷിര്‍ എന്നിവരാണു മുഖ്യാഥിതികള്‍. പൊതുസമ്മേളനം, ഓണസദ്യ മിമിക്രി ഗാനമേള, തരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളും ഓണാഘോഷത്തോടൊപ്പം നടക്കും.
അതേസമയം, നേതാക്കളുടെ അസാന്നിധ്യം ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമാണെന്നും ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നുമാണു നേതാക്കളോടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വരും ദിവസങ്ങളില്‍ എം.ബി രാജേഷ്, വി.കെ. ശ്രീകണ്ഠന്‍ ഉള്‍പ്പടെയുള്ളവര്‍ സജീവ സാന്നിധ്യമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും മുന്നണി നേതാക്കള്‍ പറയുന്നു.