/sathyam/media/media_files/2024/10/16/2EansGl7yyiCZTIhIXgO.jpg)
തിരുവനന്തപുരം: അതിശക്തമായ ത്രികോണപ്പോര് നടക്കുന്ന പാലക്കാട്ട്, കോൺഗ്രസ് പുറത്താക്കിയ പി. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് എൽ.ഡി.എഫിന് കാര്യമായ ദോഷമുണ്ടാക്കുമെന്ന് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം വരെ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ആക്രമിച്ച് സോഷ്യൽ മീഡിയ കാമ്പെയിനുകൾ നയിച്ചിരുന്ന സരിനെ നാളെ മുതൽ സ്വന്തം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടേണ്ട ഗതികേടിലാണ് പാലക്കാട്ടെ സി.പി.എമ്മുകാർ.
പാർട്ടിക്കുള്ളിൽ അതിശക്തമായ എതിർപ്പാണ് സരിനെതിരെയുള്ളത്. വലതുമുന്നണി മാറി ഇടതു മുന്നണിയിലേക്കെത്തിയ സരിനെക്കുറിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ അഭിപ്രായവ്യത്യാസം പ്രകടമാണ്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എമ്മിനെ സംബന്ധിച്ച് ഈ ഉപതിരഞ്ഞെടുപ്പ് അതിനിർണായകമാണ്. രാഷ്ട്രീയമായ മുന്നേറ്റം നടത്താനായില്ലെങ്കിൽ പാലക്കാട് കോട്ടയിൽ ഇനിയൊരു തിരിച്ചുവരവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ബി.ജെ.പിക്ക് കനത്ത സ്വാധീനമുള്ള മണ്ണാണ് പാലക്കാട്. കഴിഞ്ഞതവണ മെട്രോമാൻ ഇ ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ മൂന്നാമൂഴം നേടിയത്. ഇഞ്ചോടിഞ്ച് മത്സരത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി ഇ. ശ്രീധരനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്.
2011ലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ അപമാന ഭാരം മറികടക്കാൻ സി.പി. പ്രമോദിലൂടെ കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയപ്പെട്ടത് സിപിഎമ്മിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,42,104 വോട്ടിൽ ഷാഫിപറമ്പിൽ- 54,079, ബിജെപിയുടെ ഇ.ശ്രീധരൻ- 50,220, എൽ.ഡി.എഫിലെ സി.പി പ്രമോദ്- 36,433 വോട്ടുകളാണ് നേടിയത്.
മെട്രോമാന്റെ വരവോടെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് പാലക്കാട്. 2016ല്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചത്. 57,559 വോട്ടുകള്‍ ഷാഫി നേടിയിരുന്നു. 40,076 വോട്ട് നേടി ബിജെപിയുടെ ശോഭാ സുരേന്ദ്രൻ രണ്ടാമതെത്തിയിരുന്നു. സിപിഎമ്മിന്റെ എൻ.എൻ കൃഷ്ണദാസ് 38,675 വോട്ട് നേടി മൂന്നാമതാണ് എത്തിയത്. 2011ൽ ഷാഫി പറമ്പിൽ 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചത്.
ഇത്തവണയും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുന്ന ഗതികേട് സി.പി.എമ്മിനുണ്ടാവുമോയെന്നാണ് ആശങ്ക. സരിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
പി.വി. അൻവറിന്റെ അനുഭവം മുന്നിലുള്ളപ്പോൾ നേതൃത്വം ഇക്കാര്യത്തിൽ അല്പം ജാഗ്രത കാണിക്കണമെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നിരിക്കെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകളുണ്ടായാൽ വൻ തിരിച്ചടിയുണ്ടാവുമെന്ന് ഇടതുപ്രവർത്തകർ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചപ്പോൾ ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പഞ്ചായത്ത് അംഗം സഫ്ദർ ഷെറീഫ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേട്ടിരുന്നത്.
ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് വിജയസാദ്ധ്യത കണക്കിലെടുത്ത് സ്ഥാനാർത്ഥിയായി കെ. ബിനുമോളെയാണ് ശുപാർശ ചെയ്തത്. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സരിന്റെ കാലുമാറ്റവും ഇടത് സ്ഥാനാർത്ഥിയായുള്ള രംഗപ്രവേശവും.
1,88,534 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. മുക്കാൽ ലക്ഷത്തോളം മുസ്ലീം ന്യൂനപക്ഷ വോട്ടുകളാണ്. നഗരസഭയിലെ ചില വാർഡുകളിലും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലുമാണ് ന്യൂനപക്ഷ വോട്ടുകൾ അധികമുള്ളത്. ഇവിടെ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ട്. ഈ വോട്ടുകൾ സമാഹരിക്കാൻ സരിന് കഴിയുമോയെന്നത് സംശയമാണ്.
കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയെത്തുന്ന പി. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ടെന്നാണ് പൊതുവിലയിരുത്തൽ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് കലഹിച്ച മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥിനായി കാത്തിരുന്ന സി.പി.എം ഒടുവിൽ സി.പി. പ്രമോദിനെയാണ് രംഗത്തിറക്കിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ടുനിന്ന മെട്രോമാൻ ഇ. ശ്രീധരനെ അവസാനലാപ്പിലാണ് ഷാഫി മറികടന്നത്. ഇത്തവണയും ബിജെപിക്ക് കരുത്തനായ സ്ഥാനാർത്ഥിയുണ്ടെങ്കിൽ പാലക്കാട്ടെ അങ്കം കടുത്തതാവും.