/sathyam/media/media_files/2024/11/02/23FKWQevk2BWhdCX3S7y.jpg)
പാലക്കാട്: സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നപ്പോൾ കലാപക്കൊടി ഉയർത്തിയ നേതാവ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതിലും ഓരോ ദിവസവും ഓരോ നേതാക്കൾ എന്നവണ്ണം വിമതന്മാർ ഉയർന്നുവരുന്നതിലും പൊറുതിമുട്ടിയിരിക്കുന്ന കോൺഗ്രസിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഒരു സ്വതന്ത്രന്‍ കൂടി !
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ.സെൽവനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലുളളത്. സ്വതന്ത്രനായി മത്സരിക്കുന്ന സെൽവന് ഓട്ടോറിക്ഷയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നം.
സെൽവൻെറ സ്ഥാനാർത്ഥിത്വം വിമത ശബ്ദമായി ഉയർത്തിക്കാട്ടാൻ രാഷ്ട്രീയ എതിരാളികൾ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും വോട്ട് പിടിക്കാനും വാങ്ങാനും ഇല്ലെന്നാണ് സെൽവൻെറ നിലപാട്.
കുളം കലക്കാതെ സെൽവൻ നിലപാട് വ്യക്തമാക്കിയത് കോൺഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. രാഹൂൽ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ടുപിടിക്കുമെന്നും തനിക്ക് വേണ്ടി ഒരാളോടു പോലും വോട്ട് തേടില്ലെന്നും തൻെറ വോട്ടും രാഹുലിനായിരിക്കും എന്നുമാണ് സെൽവൻെറ പ്രഖ്യാപനം.
കോൺഗ്രസിൻെറ പാലക്കാട്ടെ സജീവ പ്രവർത്തകനായ സെൽവൻ പതിനായിരം രൂപ കെട്ടിവെച്ച് നാമനിർദ്ദേശ പത്രിക നൽകിയത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
പാർട്ടി സ്ഥാനാർത്ഥിയുടെ ഡമ്മിയായിട്ടാണ് പത്രിക നൽകിയതെന്ന് സെൽവൻ പറയുന്നുണ്ടെങ്കിലും നേതൃത്വം അത് സ്ഥിരീകരിക്കുന്നില്ല. പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കണമെങ്കിൽ ചിഹ്നം അനുവദിച്ചുകൊണ്ടുളള കത്ത് വേണം. അതില്ലാത്തത് കൊണ്ടാണ് സെൽവൻ സ്വതന്ത്രനായത്. ഈ കാരണം വെച്ച് ആലോചിച്ചാൽ ഡമ്മിയായി പത്രിക നൽകിയെന്ന സെൽവൻെറ അവകാശവാദം ശരിയാകുന്നില്ല.
പത്രികാ സമർപ്പണത്തിന് പിന്നാലെയുളള നടപടികളായ സുക്ഷ്മ പരിശോധന കടന്ന സെൽവൻ ഡമ്മി സ്ഥാനാർഥിയായിരുന്നെങ്കിൽ പത്രിക പിൻവലിക്കാനുളള അവസാന തീയതിക്ക് മുൻപ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുക ആയിരുന്നു വേണ്ടത്. അത് ഉണ്ടാകാത്തതും ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയെന്ന വാദത്തെ ദുർബലപ്പെടുത്തുന്നുണ്ട്.
ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നിശ്ചയിച്ച സമയ പരിധിക്ക് മുൻപ് നാമ നിർദ്ദേശ പത്രിക പിൻവലിക്കാൻ കഴിയാതെപോയതെന്നാണ് സെൽവൻ പറയുന്നത്. സാങ്കേതിക കാരണം എന്താണെന്ന് വീണ്ടും ചോദിച്ചാൽ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയുളള രാപ്പകൽ പ്രവർത്തനത്തിൻെറ തിരക്കിൽ വിട്ടുപോയതാണെന്ന് പറയും.
പതിനായിരം രൂപ പാഴാക്കി കളയാൻ മാത്രം സമ്പന്നൻ ഒന്നുമല്ല സാധാരണ കോൺഗ്രസ് പ്രവർത്തകനായ സെൽവൻ. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്തുളള ചെറിയ മൊബൈൽ ഷോപ്പാണ് ജീവിത മാർഗം. എന്നിട്ടും സമയത്തിന് പത്രിക പിൻവലിക്കാതിരുന്ന് പണം പാഴാക്കിയത് എന്തിനാണെന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.
ഇതിനെല്ലാം സെൽവൻെറ ഉത്തരം താൻ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. 13ന് പോളിങ്ങ് ബൂത്തിലെത്തി ബാലറ്റ് യന്ത്രത്തിൽ സ്വന്തം പേരും അതിന് നേർക്കുളള ചിഹ്നവും കാണുമ്പാേൾ വോട്ടുചെയ്ത് പോകുമോ എന്ന് ചോദിച്ചാലും മറുപടി അതുതന്നെ. ഒരു വോട്ട് പോലും തൻെറ പേരിൽ വീഴില്ലെന്നാണ് സെൽവൻെറ വിശ്വാസം.